ക്യാപ്റ്റന്‍, ലീഡര്‍ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനല്ല; കെണിയില്‍ വീഴില്ലെന്ന് വി ഡി സതീശന്
ക്യാപ്റ്റന്‍, ലീഡര്‍ വിളിയില്‍ താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തില്‍ ഒരേയൊരു ലീഡര്‍ മാത്രമാണുള്ളതെന്നും അത് കെ കരുണാകരന് ആണെന്നും സതീശന് പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും ലീഡര്‍ എന്ന് വിശേഷിപ്പിച്ച് സതീശന്റെ മാത്രം ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചു കൊണ്ടാണ് വി ഡി സതീശന് മാധ്യമങ്ങളോട് സംസാരിച്ചത്. തന്റെ മാത്രം പടമുള്ള ഫ്ളക്സുകള്‍ ഉണ്ടെങ്കില്‍ ഉടനടി അത് നീക്കം ചെയ്യണമെന്ന് സതീശന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് തന്നിലേക്ക് ഒതുക്കരുതെന്നും കോണ്‍ഗ്രസിന്റെ വിജയം കൂട്ടായ പരിശ്രമമാണെന്നും സതീശന് പറഞ്ഞു. ക്യാപ്റ്റന്‍. ലീഡര്‍ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കില്ല. തൃക്കാക്കരയിലെ വിജയം തുടക്കം മാത്രമാണെന്നും തുടര്‍ച്ചയായ പരിശ്രമത്തില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയുമെന്നും സതീശന് പറഞ്ഞു.
കേരളത്തിന് ഒരേയൊരു ലീഡറേയുള്ളു. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താനെന്നും സതീശന് വ്യക്തമാക്കി. അദ്ദേഹം വളരെ ഉയരത്തില്‍ നില്‍ക്കുന്നയാളാണ്. മറ്റുള്ളതൊക്കെ പ്രവര്‍ത്തകര്‍ അവരുടെ ആവേശത്തില്‍ ചെയ്യുന്നതാണ്. അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാ അതിലുണ്ടാകണം.
തുടര്‍ച്ചയായ തോല്‍വികള്‍ ഉണ്ടായതിന് ശേഷം തൃക്കാക്കരയില്‍ ഉണ്ടായ വിജയം കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണമാണ് ഈ സ്വീകരണങ്ങള്‍. ഈ ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചതിന് തൊട്ടുപിന്നാലെ ഹൈബി ഈഡനാണ് ക്യാപ്റ്റന്‍ ഒറിജിനല്‍ എന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ സതീശനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതേറ്റെടുത്തു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വന്‍ വിജയം നേടാന്‍ കഴിഞ്ഞതോടെ സതീശനെ പിന്തുണച്ച് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
Content Highlights – Captain and leader Adjectives are not good for congress, V D Satheesan