കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം; ഒ പി ബഹിഷ്കരിച്ച് സമരം
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ ജി എം ഒ വിവിധ ഇടങ്ങളിൽ ഒ പി ബഹിഷ്കരിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് കെ ജി എം ഒ അറിയിച്ചു.
ഇന്ന് രാവിലെ മുതലാണ് കെ ജി എം ഒയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഒ പി ബഹിഷ്ക്കരിച്ചത്.
ഓപ്പറേഷൻ തീയേറ്റർ, പ്രസവ വാർഡ് തുടങ്ങിയ അത്യാവശ്യ വിഭാഗങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ബഹിഷ്കരണം അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾക്ക് തിരിച്ചു മടങ്ങേണ്ടി വന്നു. പോലീസ് സംരക്ഷണയിലുള്ള പ്രതി ചാടി പോയതിൽ സൂപ്രണ്ടിന് വീഴ്ചയില്ലെന്നും സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ അവധി എടുക്കുന്നത് ഉൾപ്പെടെ ഉള്ള കടുത്ത സമര പരിപാടികളിലേക്ക് പോകുമെന്നും കെ ജി എം ഒ ഭാരവാഹികൾ പറഞ്ഞു.
ദിവസങ്ങൾക്കു മുൻപാണ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടി പോയ അന്തേവാസി വാഹന അപകടത്തിൽ മരിച്ചത്. മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രോഗികൾ ചാടി പോകുന്നത് തുടർ കഥ ആകുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി ഇടപെട്ട് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്.