വാഗമണ്‍ ഓഫ്റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ കേസെടുത്തു
വാഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജു ജോർജിനെ കൂടാതെ സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയും കേസെടുത്തു. സംഭവത്തിൽ ആദ്യഘട്ട അന്വേഷണത്തിൽ നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ജോജു ജോർജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ടെ കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടാർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായ അപകടങ്ങൾ ഉണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമാണ് ഓഫ് റോഡ് റേസിന് അനുമതിയുള്ളത്. അനുമതിയില്ലാത്ത സ്ഥലത്ത് റേസ് നടത്തിയതിനാണ് ജോജു ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ജില്ലാ കലക്ടർ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ്റോഡ് റേസ് നടത്തിയതെന്ന് വിശദീകരിച്ചാണ് കെ എസ് യു പരാതി നൽകിയത്. വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ചക്കകം ആർ ടി ഒക്ക് മുന്നിൽ ഹാജരാവമമെന്നാണ് നിർദേശം.
ഏതാനും മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയതിൽ ജോജു ജോർജ് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. അതിന് ശേഷം യു ഡി എഫ് സംഘടനകൾ ജോജുവിനെതിരെ പരോക്ഷ സമര പ്രഖ്യാപനത്തിലാണ്.
Content Highlight: Case registered against actor Joju George in off road race at Vagamon.