ഉളുപ്പില്ലാത്ത മാധ്യമപ്രവർത്തകർ വീണ്ടും അഴിഞ്ഞാടുന്നു; അക്രമം നടത്തിയവനോട് വീണ ജോർജിന് ഡെഡിക്കേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നത് അങ്ങേയറ്റം വേദനയുളവാക്കുന്ന ഒരു സംഭവം തന്നെയാണ്.
ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ സനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വിപിന്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്തതായി പറയുന്നുണ്ട്.
ആക്രമണത്തില്‍ സനൂപിന് എതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും എഫ്ഐആര്‍ പറയുന്നു.
അതേസമയം, കുട്ടിയുടെ മരണത്തിന് ശേഷം സനൂപ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന് രക്ഷിക്കാമായിരുന്നു എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാർ പറഞ്ഞിരുന്നതായും സനൂപിന്റെ ഭാര്യ പറയുന്നു.
മകൾ നഷ്ടപ്പെട്ട ഒരു അച്ചന് ചിലപ്പോൾ സമനില തെറ്റിപ്പോയിട്ടുണ്ടാകാം. അയാൾക്ക് ആ സമയത്ത് തോന്നുന്നത് ചികിത്സിച്ച ഡോക്ടറാണ് മരണത്തിന് ഉത്തരവാദി എന്നൊക്കെയാകാം. ആ അവസ്ഥയിൽ നടത്തിയ ഒന്നായിരിക്കണം ഈ ആക്രമണം.
ഒരു പിതാവിന്റെ വിഷമം മനസ്സിലാക്കാമെങ്കിലും, ഒരിക്കലും ഈ അതിക്രമത്തെ ന്യായീകരിക്കാൻ ആകില്ല. സമനില കൈവരിക്കുമ്പോൾ, ആ പിതാവിന് കാര്യങ്ങൾ മനസിലാകുമ്പോൾ, കുറ്റബോധം കൊണ്ട് അയാൾ ആ ഡോക്ടറോട് ക്ഷമ ചോദിക്കും എന്ന് തന്നെ കരുതാം. ഈ സംഭവത്തിൽ അതിലും നല്ലൊരു അവസാനം വേറെ ഉണ്ടാകില്ല.
എന്നാൽ വിഷയത്തിൽ ക്ഷമ കൊടുക്കാൻ പറ്റാത്ത ഒരു കൂട്ടരുണ്ട്. ആ പിതാവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ, ഒരു നിന്ദ്യമായ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ.
ഈ വെട്ട് മന്ത്രി വീണാ ജോർജിന് ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ എന്നാണ് അവന്റെ ചോദ്യം.
അതൊരു ചോദ്യം മാത്രമല്ല. അതിൽ ഉത്തരവും കൂടിയുണ്ട്. അതെ, വീണ ജോർജ്ജിന് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് അയാളെ കൊണ്ട് പറയിപ്പിക്കുകയാണ് ആ ചോദ്യം ചോദിച്ചവൻ. താൻ പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടിയപ്പോൾ അയാൾക്ക് സന്തോഷമായി. ഉടനെ ചാനലിലെ ഫ്ലോറിൽ ചാടിക്കളിക്കുന്ന സീനിയർ മദ്ധ്യാപ്രവർത്തകൻ അത് ഏറ്റെടുക്കുകയും ചെയ്യുന്നു.
ഒരു ക്രൈം ചെയ്ത് പോലീസ് പിടിയിലായ പ്രതിയോട്, അല്ലെങ്കിൽ ഒരു നിരപരാധിയെ ആക്രമിച്ച ശേഷം നിൽക്കുന്ന ഒരു മനുഷ്യനോട്, “ആർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു, മന്ത്രി വീണാ ജോർജ്ജിനോ?” എന്ന ചോദ്യം ചോദിച്ചവൻ എന്തായാലും സാധാരണ മനുഷ്യരിൽ പെട്ടവനല്ല.
ഒരു ഡോക്ടറെ ആക്രമിച്ച സംഭവം ആരോഗ്യമന്ത്രിക്ക് ഡെഡിക്കേറ്റ് ചെയ്തു എന്ന തലക്കെട്ടോടെ ചാനലുകളിൽ വരുമ്പോൾ, അത് ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾക്ക് പ്രേരണ നൽകുന്നതിന് തുല്യമാണ്.
94 % മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്ന മാരക രോഗമാണ് അമീബിക്ക് മസ്തിഷ്കജ്വരം.
അസുഖം തുടക്കത്തിൽ കണ്ടെത്താനും പ്രയാസമാണ്. ഒരു ഡോക്ടറും തൻറെ രോഗി മരിക്കാൻ വേണ്ടി ചികിത്സിക്കില്ല. മകൾ നഷ്ടപ്പെട്ട വേദനയോടെ നിൽക്കുന്ന ആ അച്ഛനെ മനസിലാക്കുന്ന പോലെ തന്നെ ഡോക്ടർമാരെയും മനസ്സിലാക്കണം.
ആശുപത്രി സംരക്ഷണ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പരമാവധി ശിക്ഷ നൽകേണ്ട ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്. അതുറപ്പാക്കേണ്ടത് പോലീസും സർക്കാരുമാണ്. ആശുപതികളിൽ ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതും സർക്കാരാണ്.
ദിനം പ്രതി റേറ്റിങ് മത്സരത്തിൽ ഒന്നാമത് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, അധഃപതിച്ച് കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തനത്തിന് ഒരു ഉത്തമ ഉദാഹരണമാണ് ഇന്നലത്തെ ഡെഡിക്കേഷൻ ചോദ്യം. മൈക്കുമായി ഒരാളെ സമൂഹത്തിലേക്ക് ഇറക്കി വിടുമ്പോൾ അയാളുടെ മാനസിക നിലവാരം കൂടെ ചാനൽ മേധാവികൾ ശ്രദ്ധിക്കണം.
അല്ലെങ്കിൽ ചില മഞ്ഞ ഓൺലൈൻ ചാനലുകൾക്ക് വേണ്ടി റോഡിൽ കാണുന്നവരോട്, ദ്വയാര്‍ഥമുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരും, തേർഡ് ക്ളാസ് സിനിമ ചാനലുകാരെ പോലെ ക്യാമറ വേണ്ടാത്തയിടത്ത് ഫോക്കസ് ചെയ്യുന്നവരും നിങ്ങളെക്കാൾ ഭേദമാണെന്ന് പൊതുജനത്തിന് പറയേണ്ടി വരും.