അന്ന് ഗോഡ്സെ ചെയ്തത് ഇന്ന് കോണ്‍ഗ്രസുകാര്‍ പ്രതീകാത്മകമായി ചെയ്യുന്നു – മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആക്രമണം നടന്നത് തെറ്റാണ്. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷം ഗാന്ധി ചിത്രം ആരാണ് തകര്‍ത്തതെന്ന് പിണറായി വിജയന് ചോദിച്ചു. ഇവര്‍ ഗാന്ധിശിഷ്യര്‍ തന്നെയാണോ? എങ്ങനെയാണ് ഗാന്ധിചിത്രം നിലത്തിടാന്‍ കഴിഞ്ഞത്. ഗോഡ്സേ ചെയ്തത് ഇവര്‍ പ്രതീകാത്മകമായി ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്ഐക്കാര്‍ പോയശേഷം മാധ്യമങ്ങള്‍ രാഹുല്‍ഗാന്ധിയുടെ ഓഫിസില്‍ കടന്നു. അവര്‍ ചുവരിലുള്ള ഗാന്ധി ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അടക്കം കാണിച്ചശേഷം തിരിച്ചിറങ്ങി. പിന്നെ അവിടെ എസ്എഫ്ഐക്കാരോ മാധ്യമങ്ങളോ കയറിയില്ല. ആരുടെ കുബുദ്ധിയാണ് ഗാന്ധി ചിത്രത്തെ ചുമരില്‍നിന്ന് താഴെയെത്തിച്ചതെന്നും എന്തിനാണ് ആ കുബുദ്ധി കാണിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വിമാനത്തില്‍ പ്രതിഷേധമുണ്ടായപ്പോള്‍ ‘ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ സംരക്ഷിക്കും’ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അക്രമം കാണിക്കുന്നവര്‍ക്ക് അത് പ്രോത്സാഹനമാകുമെന്ന് നേതാക്കള്‍ ഓര്‍ക്കണം. അക്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. രാഷ്ട്രീയ പാപ്പരത്തവും ഉദ്ദേശ്യശുദ്ധി ഇല്ലായ്മയും കോണ്‍ഗ്രസിനാണന്നും മുഖ്യമന്ത്രി പറഞ്ഞു.
എം പിയുടെ ഓഫീസ് തകര്‍ത്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി തന്നെയാണെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിപിഎം, കേന്ദ്ര, സംസ്ഥാന ജില്ലാ നേതൃത്വം അപലപിച്ചു. കൂടാതെ കേസില്‍ പെണ്‍കുട്ടികളെയടക്കം 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓഫീസ് ആക്രമിച്ചത് തെറ്റായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights – Pinarayi Vijayan,Congress were doing what Godse did symbolically