‘കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും’; യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്
മകന്റെ കഞ്ചാവ് കേസില്‍ യു പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. ഈ സംഭവത്തിലെ എഫ്ഐആര്‍ താന്‍ വായിച്ചതാണ്. പുകവലിച്ചു എന്നാണ് അതില്‍ ഉള്ളത്. അത് വലിയ തെറ്റൊന്നുമല്ല. പ്രതിഭയുടെ മകന് പോളിടെക്നിക്കില്‍ പഠിക്കുകയാണ്. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ലെന്നും സജി ചെറിയാന് പറഞ്ഞു. കായംകുളത്ത് എസ് വാസുദേവന്‍ പിള്ള രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. മുന്‍പ് ജയിലില്‍ കിടന്നപ്പോള്‍ പുകവലി പഠിച്ചതാണ്. എംടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുമായിരുന്നു. പുകവലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നത്. കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെയിരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങള്‍ ആയിട്ടല്ലേ വന്നത്. നമ്മുടെ കുഞ്ഞുങ്ങളല്ലേ. അവര്‍ കമ്പനിയടിക്കാന്‍ കൂട്ടം കൂടിയിരുന്നതില്‍ തെറ്റെന്താണെന്നും മന്ത്രി ചോദിച്ചു.
വലിച്ചത് ശരിയാണോയെന്ന് ചോദിച്ചാല്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെയാണ്. എന്നാല്‍ അതു വലിയ അപരാധമാണ് എന്നാണ് പറയുന്നത്. പ്രതിഭയുടെ മകന് തെറ്റ് ചെയ്തതിന് പ്രതിഭ എന്തു ചെയ്തു. അവര്‍ ഒരു സ്ത്രീയല്ലേ. ആ പരിഗണന കൊടുക്കണ്ടേ?. അവരുടെ മകനെ കുറിച്ച് പറഞ്ഞാല്‍ അവര്‍ പ്രതികരിക്കും. അതിന് ഉടനെ വര്‍ഗീയവാദിയാക്കുന്നത് ശരിയല്ല. ഒരു മഹാന് പിറ്റേദിവസം ക്ഷണിക്കുകയാണ്. ഇങ്ങ് പോരു ചേട്ടത്തി. എംഎല്‍എ ആയതിനുശേഷം ഒറ്റ ദിവസം പോലും കിടത്തി ഉറക്കിയിട്ടില്ല ഈ ക്ഷണിച്ചയാള്‍ എന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.