നരഹത്യാ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിൽ വിമർശനവുമായി പ്രതിപക്ഷം
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. നിയമനത്തിനെതിരെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന് കളങ്കിതനാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനുത്തരവാദിയാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും തയ്യാറാവാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്നായിരുന്നു സലീം മടവൂരിന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് ജോ. ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും ശ്രീറാം അധികാരമുപയോഗിച്ച് ശ്രമിച്ചിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ശ്രീറാമിന്റെ സുഹൃത്തായ വഫ ഫിറോസാണ് ഈ കേസിലെ മറ്റൊരു പ്രതി.
Content Highlights: Congress oppose Sriram Venkatraman as a collector