ഡൊമിനിക് പ്രസന്റേഷനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യുഡിഎഫ് ചെയര്മാന് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി
യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡൊമിനിക് പ്രസന്റേഷന് തല്‍സ്ഥാനം രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്തും പിന്നീട് വോട്ടെണ്ണലിന്റെ തലേന്നും ഡൊമിനിക് പ്രസന്റേഷന് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. അദ്ദേഹം സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും അബ്ദുള്‍ മുത്തലിബ് കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഡൊമിനിക് പ്രസന്റേഷന് ആഗ്രഹമുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതായിരിക്കാം അദ്ദേഹം ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ കാരണം. എറണാകുളത്തെ ഭൂരിപക്ഷം യുഡിഎഫ് പ്രവർത്തകരുടെയും അഭിപ്രായം ഇതുതന്നെയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ചില പ്രതിസന്ധികളുണ്ടെന്നും തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുറയുമെന്നുമായിരുന്നു ഡൊമിനിക് പ്രസന്റേഷന് വോട്ടെണ്ണല്‍ ദിനത്തിന് തലേന്ന് പറഞ്ഞത്. ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
Content Highlight: UDF, Congress, KPCC, Dominic Presentation