ആസാദ് കാശ്മീര്‍ പരാമര്‍ശം; കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം
ഫെയിസ്ബുക്ക് പോസ്റ്റില്‍ വിവാദ പരാമര്‍ശം നടത്തിയ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തിരുവല്ല കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് പ്രവര്ത്തകന് അരുണ്‍ മോഹന്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ഇതേ സംഭവത്തില്‍ കേസെടുക്കുന്നതില്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. തിലക് നഗര്‍ സ്റ്റേഷനില്‍ അഭിഭാഷകനായ ജി എസ് മണി നല്കിയ പരാതി സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുകയാണ്.
വിവാദ പരാമര്‍ശത്തില്‍ ജലീലിനെതിരെ മാത്യു കുഴല്നാടന് എംഎല്‍എ പെരുമാറ്റച്ചട്ട ലംഘനത്തിന് സ്പീക്കര്‍ക്ക് കത്തു നല്കി. ജലീലിന്റെ പരാമര്‍ശങ്ങള്‍ നിയമസഭയ്ക്കും സഭാ സമിതിക്കും പൊതുസമൂഹത്തിനു മുന്നില്‍ അവമതിപ്പ് ഉണ്ടാക്കി. ജലീല്‍ നല്കിയ വിശദീകരണത്തിലും ഖേദം പ്രകടിപ്പിക്കാനോ നിലപാടു തിരുത്താനോ തയാറായിട്ടില്ല എന്നിങ്ങനെയാണ് കത്തിലെ ആരോപണങ്ങള്‍.
നിയമസഭാ സമിതി നടത്തിയ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫെയിസ്ബുക്കില് കുറിച്ച യാത്രാവിവരണത്തിലാണ് ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ജമ്മു, കാശ്മീര്‍ താഴ് വര, ലഡാക്ക് എന്നീ പ്രദേശങ്ങളെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നുമാണ് ജലീല്‍ വിശേഷിപ്പിച്ചത്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.