വിദ്വേഷ പ്രസംഗ കേസ്; പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
വിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജോര്‍ജിന് ജാമ്യം നിഷേധിച്ചത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തില്‍ നടത്തിയ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു വെണ്ണലയിലെ പ്രസംഗം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തേക്കും.
കേസില്‍ അറസ്റ്റ് തടയണമെന്ന ജോര്‍ജിന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നില്ല. ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല വെണ്ണലയിലെ പ്രസംഗമെന്നായിരുന്നു ജോര്‍ജ് വാദിച്ചത്. 75 വയസുള്ള തനിക്ക് സമാനമായ കേസില്‍ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ജോര്‍ജ് കോടതിയില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരത്തെ കേസില്‍ ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. പ്രകോപനകരമായ സംസാരിക്കരുതെന്ന ജാമ്യവ്യവസ്ഥ ജോര്‍ജ് ലംഘിച്ചുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
Content Highlight: Court dismisses pc georges anticipatory bail petition