സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തിന് മേല്‍; പ്രതിദിന രോഗികളുടെ എണ്ണം 1500 കടന്നു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. മൂന്നു മാസത്തിന് ശേഷം ടിപിആര്‍ 10 ശതമാനത്തിന് മേല്‍ എത്തി. 11.39 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. 1544 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിന് മേല്‍ രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദമാണ് വീണ്ടും തലപൊക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദം വാക്സിന് സ്വീകരിച്ചവരില്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 481 പേര്‍ക്കാണ് ശനിയാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 220 പേര്‍ക്കും കോട്ടയത്ത് 175 പേര്‍ക്കും പത്തനംതിട്ടയില്‍ 105 പേര്‍ക്കും തൃശൂരില്‍ 112 പേര്‍ക്കും കോഴിക്കോട് 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രാജ്യത്തൊട്ടാകെ കോവിഡ് കേസുകള്‍ ഉയരുകയാണ്. ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 3962 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 26 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,31,72,547 ആയി ഉയര്‍ന്നു.
Content Highlights: Covid 19, Omicron, Corona Virus