സി.പി.ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി,അവരിനി ഭീതിയില്ലാതെ ഉറങ്ങും
പൊളിഞ്ഞുവിഴാറായ മൂന്നംഗ കുടുംബത്തിന്റെ വീട് സി.പി.ഐ പ്രവർത്തകർ നവീകരിച്ചു നല്കി.
മാങ്കുറുശി കല്ലൂർ കൊയിലത്തുംപടി കലാധരൻ -സുമതി ദമ്ബതികളുടെ വീടാണ് മങ്കര ലോക്കല്‍ കമ്മിറ്റി നന്നാക്കി നല്‍കിയത്. 30 വർഷം പഴക്കമുള്ള മണ്‍ചുമരുള്ള ഓടിട്ട വീടാണിത്. ചിതല്കയറി മേല്‍ക്കൂര പൂർണമായും നശിച്ചിരുന്നു. കലാധരൻ, സുമതി, പ്ലസ് ടു വിദ്യാർഥി വിസ്മയ എന്നിവരടങ്ങുന്ന മൂന്നംഗ കുടുംബം ഭീതിയോടെയാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.
വീട്ടമ്മ സുമതി നിത്യരോഗിയാണ്. കലാധരൻ കൂലിത്തൊഴിലാളിയാണ്. ഇവരുടെ ദുരിതാവസ്ഥ ശ്രദ്ധയില്‍പെട്ടതോടെയാണ് ഏകദേശം അര ലക്ഷത്തിലേറെ രൂപ ചെലവില്‍ വീട് നവീകരിച്ചു നല്‍കിയത്. ഇവർ വീടിന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ലൈഫ് ഭവന പദ്ധതിയില്‍ പേരുണ്ടെന്നും മുൻഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇവർക്ക് വീട് ലഭ്യമാക്കുമെന്നാണ് വാർഡംഗം നദീറ നല്കിയ വിവരം.
സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ജയപ്രകാശ്, എം.എസ്. വേലായുധൻ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.എം ഫാത്തിമ, വി.കെ. ശ്രീജ, എം.എ. മുഹമ്മദ് റാഫി, എ.കെ. സുഭാഷ്, ശ്രീമുരളി കല്ലൂർ എന്നിവർ നേതൃത്വം നല്കി.