നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം ഇന്ന് നല്‍കില്ല
നടിയെ ആക്രമിച്ച കേസിലെ അന്തിമ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ കുറ്റപത്രം സമര്‍പ്പിക്കണമെന്നായിരുന്നു ഹൈക്കോടതി അന്വേഷണസംഘത്തിന് നല്കിയ നിര്‍ദേശം. ഇതനുസരിച്ച് അന്വേഷണം അവസാനിപ്പിച്ച് ഇന്ന് കുറ്റപത്രം നല്കാന് ക്രൈംബ്രാഞ്ച് തയ്യാറെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിജീവിത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണസംഘം ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയത്. അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജിയില്‍ തീരുമാനമുണ്ടായതിന് ശേഷം മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ അന്വേഷണസംഘം.
ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തതതയില്ല. മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണത്തിന് സമയം നീട്ടിച്ചോദിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എഡിജിപി ക്രൈമുമായും ഡിജിപിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: Actress Assault Case, Crime Branch