അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം: ഇടതു സംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ സെക്രട്ടേറിയറ്റ് മുൻ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. അച്ചു ഉമ്മൻ ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടതുസംഘടനാ നേതാവു കൂടിയായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തത്.
ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അച്ചു ഉമ്മൻ പൊലീസില്‍ കേസ് നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ കൊളത്താപ്പിള്ളി ഫെയ്സ്ബുക്കിലൂടെ മാപ്പ് അപേക്ഷിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ മുൻ അഡീഷണല്‍ സെക്രട്ടറിയാണ് നന്ദകുമാര്‍.
ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ അത്യധികം ഖേദിക്കുന്നുവെന്നും നന്ദകുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.