ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിയെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന് ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ അടുത്ത നീക്കം.
ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്ഐടിയുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടിഗലിലെ വീടുകളിലും എസ്ഐടി പരിശോധന നടത്തുന്നത്. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണന് ഇറിഡിയം തട്ടിപ്പുകേസിലും പ്രതിയാണ്.
ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും. ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്ഐടി ഉറപ്പിക്കുന്നത്. തെളിവുകള്‍ കണ്ടെത്താനായി കര്‍ണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്ഐടി ഊര്‍ജ്ജിതമാക്കി.












