തൃശൂരില്‍ സ്വത്ത് കൈക്കലാക്കാന്‍ മകള്‍ അമ്മയെ വിഷം നല്കി കൊലപ്പെടുത്തി; അച്ഛനും വിഷം നല്‍കിയതായി സൂചന
തൃശൂര്‍, കുന്നംകുളത്ത് സ്വത്ത് കൈക്കലാക്കുന്നതിനായി മകള്‍ അമ്മയെ വിഷം നല്കി കൊലപ്പെടുത്തി. കിഴൂര്‍ ചുഴിയാട്ടയില് ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്. സംഭവത്തില്‍ രുഗ്മിണിയുടെ മകള്‍ ഇന്ദുലേഖയെ അറസ്റ്റ് ചെയ്തു. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കിയാണ് ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തിയത്. അച്ഛന് ചന്ദ്രനും ചായയില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും രുചിവ്യത്യാസം തോന്നിയതിനാല്‍ ചായ കുടിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഇന്ദുലേഖയ്ക്ക് എട്ടു ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുള്ളതായും ഭര്‍ത്താവ് അറിയാതെ ഇത് വീട്ടുന്നതിനായി സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു.
സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയാണ് ഇന്ദുലേഖ ഇത്രയും തുക കടത്തിലായത്. ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 18-ാം തിയതി ഇവരുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ആഭരണങ്ങള്‍ ഭര്‍ത്താവ് തിരക്കുമെന്ന് ഇന്ദുലേഖയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. രുഗ്മിണിയുടെ പേരിലായിരുന്നു വീടും പറമ്പും. രുഗ്മിണിയുടെയും ചന്ദ്രന്റെയും മൂത്ത മകളായ ഇന്ദുലേഖയാണ് സ്വത്തിന്റെ അവകാശിയെന്നാണ് സൂചന. ഇവരുടെ മരണശേഷം സ്വത്ത് തന്റെ പേരില്‍ ലഭിക്കുമെന്നതിനാലാണ് ഇത്തരമൊരു പദ്ധതി ഇന്ദുലേഖ തയ്യാറാക്കിയതെന്നാണ് പോലീസ് കരുതുന്നത്.
വിഷം കലര്‍ന്ന ചായ കുടിച്ച് അവശനിലയിലായ രുഗ്മിണിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചപ്പോള്‍ ഇന്ദുലേഖയും ഒപ്പമുണ്ടായിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുകയും വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയും ചെയ്തതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബുധനാഴ്ച കേസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു.
മകള്‍ അമ്മയെ അപായപ്പെടുത്താനിടയുണ്ടെന്ന് ചന്ദ്രന് പോലീസിനോട് പറയുകയും ചെയ്തു. ഇതോടെ ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വിഷം നല്‍കുന്നത് സംബന്ധിച്ച് തിരഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.