പൂർണ്ണ ഗർഭിണിയായിട്ടും മൊഴി നല്‍കാനെത്തി പൊലീസ് ഉദ്യോഗസ്ഥ; അഭിനന്ദനങ്ങളുമായി പൊലീസ് മേധാവിയും ജനങ്ങളും

പൂര്‍ണ ഗര്‍ഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിര്‍വഹണത്തിന് കോടതിയിൽ എത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് പൊലീസുകാരിക്ക് ഒരു ആൺകുഞ്ഞ് പിറന്നു. മൊഴി നൽകാൻ എത്തിയപ്പോൾ കോടതി മുറ്റത്ത് വച്ച് പ്രസവ വേദന അനുഭവപ്പെടുകയും ബ്ലീഡിങ് തുടങ്ങുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ മൊഴി നല്കാന് കോടതിയിലെത്തിയതായിരുന്നു ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മി. നിറവയറും താങ്ങി കോടതിയില്‍ മൊഴി നല്‍കാനെത്തിയ ശ്രീലക്ഷ്മിക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ശ്രീലക്ഷ്മി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി.
പ്രസവം അടുത്തിട്ടും സുപ്രധാനമായ കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വേണ്ടി കയ്യടിക്കുകയാണ് കേരളം.
താൻ പ്രസവത്തിനായി അവധി എടുക്കുന്നത് വൈകുന്നതിൽ ഭര്‍ത്താവും വീട്ടുകാരും ഡോക്ടറും ഒക്കെ ഉയര്‍ത്തിയ എതിര്‍പ്പുകൾ മറികടന്നാണ് ശ്രീലക്ഷ്മി തൻറെ ഡ്യൂട്ടിയില്‍ തുടര്‍ന്നത്. കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.
ഒമ്പത് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസം അവർ നേരത്തെ സ്റ്റേഷനിലെത്തുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും മറ്റുള്ള സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ കയറി കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടന്ന് ബ്ളീഡിങ്ങ് തുടങ്ങുകയായിരുന്നു. ഉടന്‍തന്നെ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നാലെ പ്രസവിക്കുകയുമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന് സ്വകാര്യ കമ്ബനി ജീവനക്കാരനാണ്.
സഹപ്രവര്‍ത്തകരും ശ്രീലക്ഷ്മിയോട് ലീവ് എടുക്കുവാന്‍ പറഞ്ഞിരുന്നു എങ്കിലും, ഈ കേസില്‍ മൊഴി നല്‍കിയതിനു ശേഷം മാത്രമേ ലീവ് എടുക്കുന്നുള്ളു എന്ന തീരുമാനത്തില്‍ ശ്രീലക്ഷ്മി ഉറച്ചു നിന്നു.
ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി. ലീവ് നേരത്തെയാക്കി വിശ്രമിക്കണമെന്ന് വീട്ടുകാരും സഹപ്രവര്‍ത്തകരും അറിയിച്ചുവെങ്കിലും, തന്റെ സഹപ്രവര്ത്തകന് നീതി ലഭിക്കുന്നതിന് തടസമുണ്ടാകരുതെന്ന് കരുതി ശ്രീലക്ഷ്മി ജോലിയില്‍ തുടര്‍ന്നു. ശാരീരിക വിശ്രമം വേണ്ട സമയത്തും ശ്രീലക്ഷ്മി കാണിച്ച കൃത്യ നിര്‍വഹണത്തോടുള്ള ആത്മാര്‍ത്ഥതയെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ അഭിനന്ദിക്കുകയും ചെയ്തു.
ഇല്ലാത്ത ലീവ് പോലും എടുക്കാൻ വെമ്പൽ കൂട്ടുന്ന ഉദ്യോഗസ്ഥർ കണ്ട് പഠിക്കേണ്ട ഒന്നാണ് ശ്രീലക്ഷ്മിയുടെ ഈ പ്രവർത്തി. അതിന്റെ മറ്റൊരു കാരണം എന്തെന്നാൽ ഇത്, തന്റെ സഹപ്രവർത്തകനെ ആക്രമിച്ച കേസാണ് എന്നതാണ്. നിർണ്ണായകമായ മൊഴി കൊടുക്കുന്നത് പ്രസവ അവധി മൂലം നീണ്ടു പോകുമോ എന്ന ചിന്തയിലാണ് ഒമ്പത് മാസം തികഞ്ഞിട്ടും അവർ ജോലിക്ക് എത്തിയതും, മൊഴി നൽകാൻ കോടതിയിൽ എത്തിയതും.