വിപണിവിലയ്ക്ക് ഡീസൽ വേണം; KSRTC സുപ്രീംകോടതിയില്‍
ഡീസൽ വിപണിവിലക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആർ ടി സി സുപ്രീം കോടതിയെ സമീപിച്ചു. വിപണി വിലയെക്കാളും കൂടിയ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഈ നിലയിൽ മുന്നോട്ടുപോയാൽ അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി അടച്ചു പൂട്ടേണ്ടി വരുമെന്നും ഹരജിയിൽ പറയുന്നു.
സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശ് മുഖേനയാണ് കെ എസ് ആർ ടി സി സുപ്രീം കോടതിയെ സമീപിച്ചത്. കെ എസ് ആർ ടി സിക്ക് വിപണിവിലയിൽ ഇന്ധനം നൽകണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദ് ചെയ്ത ഡിവിഷൻ ബഞ്ച് കൂടിയ നിരക്ക് ശരിവെക്കുകയും ചെയ്തു. ഡിവിഷൻ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വകാര്യ ബസുടമകൾക്ക് വിപണിവിലയിൽ ലഭ്യമാകുന്ന ഡീസൽ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സിക്ക് ലഭിക്കുന്നത് ലിറ്ററിന് ഇരുപത്തിയൊന്ന് രൂപയോളം അധികം നൽകിയാലാണ്. ഇത് വഴി പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് വരുന്നത്.
Content Highlight: Diesel for market price: KSRTC moves Supreme Court.