ദിലീപിൻ്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ഇന്നും വാദം തുടരും
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിന്മേൽ വിചാരണക്കോടതിയിൽ ഇന്നും വാദം തുടരും. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന കോടതിയുടെ നിർദ്ദേശത്തിൽ പ്രോസിക്യൂഷൻ മറുപടി നൽകും. പ്രോസിക്യൂഷൻ്റെ വാദം ബാലിശമാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ നീക്കം.
കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് നീക്കം നടത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ദിലീപ് ഉൾപ്പെടെയുളളവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഈ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി.
ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വൈര്യാഗ്യത്തിന്റെ ഭാഗമാണ് ദിലീപിനെതിരായ നീക്കങ്ങളെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Actress Assault Case, Dileep Case Latest Update