ദിലീപ് കേസിലെ ജഡ്ജി ലോക്കപ്പ് കൊലക്കേസിലുൾപ്പെട്ട ഉദ്യോഗസ്ഥൻ്റെ ഭാര്യ; ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു: ദിലീപിൻ്റെ സഹോദരൻ്റെ ശബ്ദരേഖ പുറത്ത്
നടിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്താൻ കൊട്ടേഷൻ നൽകിയ കേസില്‍ പ്രതിയായ ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായ ശബ്ദരേഖ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ. ദിലീപിൻ്റെ അനുജൻ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയാണ് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്.
ജഡ്ജിയുടെ വ്യക്തിപരമായ പ്രതിസന്ധി വിവരിക്കുകയും അവരുമായി ആത്മബന്ധം സ്ഥാപിക്കാൻ സാധിച്ചുവെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതാണ് ശബ്ദരേഖ. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണിവയെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
പാവറട്ടി കസ്റ്റഡിമരണക്കേസിലെ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥൻ ജിജു ജോസ് വിചാരണക്കോടതി ജഡ്ജിയുടെ ഭർത്താവാണെന്നും ദിലീപിന്റെ അഭിഭാഷകനായ ‘സന്തോഷിനെ ‘അവര്‍’ ബന്ധപ്പെട്ടുവെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, ‘അവരുടെ’ ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു’, എന്നിങ്ങനെ നിർണായകമായ കാര്യങ്ങൾ പറയുന്നത് ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
ശബ്ദരേഖയില്‍ പറയുന്നത്
ചേട്ടാ നമസ്കാരം..തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്ഫ്യൂഷന് ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം.