DNA ടെസ്റ്റ് രക്ഷിച്ചു, മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അഛൻ നിരപരാധി; പെൺകുട്ടിയെ പീഡിപ്പിച്ചത് ആയുർവേദാശുപത്രിയിലെ ഡോക്ടർ

ഈ മാസം ആദ്യ ആഴ്ചയിലാണ് മലയാളികൾക്ക് ഏറെ അപമാനകരമായ ആയ വാർത്ത കേട്ടത്. നാദാപുരത്ത് സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റിലായി എന്നതാണ് സംഭവം. നാദാപുരം സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയിലെ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. അച്ഛൻ തന്നെയാണ് തന്നെ പീഡനത്തിന് വിധേയയാക്കിയത് എന്ന മൊഴി കിട്ടിയതോടെ, പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കുകയും ചെയ്തു.
നാദാപുരം തൂണേരിയിലെ ഒരു കടല കച്ചവടക്കാരൻ ആയിരുന്നു പിതാവ്. തൻ്റെ മകളെ പീഡിപ്പിച്ചത് താനല്ല എന്ന് അയാൾ പല തവണ കരഞ്ഞ് കൊണ്ട് പറഞ്ഞിരുന്നു. ആ അച്ഛൻ്റെ ഹൃദയം തകർന്നുള്ള കരച്ചിലിന് ആണിപ്പോൾ ഉത്തരം കിട്ടിയിട്ടുള്ളത്. പെൺകുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന് വ്യക്തമായി. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ ഒടുവിൽ പെൺകുട്ടി മൊഴിമാറ്റി പറയുകയും ചെയ്തു .
തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല, ആയുർവേദ ചികിത്സാലയത്തിലെ ഒരു ഡോക്ടറാണെന്ന പുതിയ മൊഴിയിൽ ഇപ്പോൾ യുവഡോക്ടറും ജയിലിൽ ആയിട്ടുണ്ട്. സ്വന്തം മകളുടെ പരാതിയിൽ ഇപ്പോളും ആ പിതാവ് ജയിലിൽ കഴിയുകയാണ്. പീഡനം എന്നൊരു വാക്ക് കേട്ടതോടെ മുന്നും പിന്നും നോക്കാതെ എല്ലാവരും ചേർന്ന് ആ പാവപ്പെട്ടവനെ കുറ്റവാളിയാക്കി.
ഇതൊരു പോക്സോ കേസ് ആയിരുന്നു, എന്നിട്ടും മലയാളത്തിലെ ഒരു പ്രധാന പത്രം ആ പിതാവിന്റെ
ഫോട്ടോ സഹിതമാണ് വാർത്തകൾ നൽകിയത്. ഈ കേസിൽ പരാതിക്കാരി സ്വന്തം മകൾ ആയിട്ടും, ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എനായിരുന്നു വാർത്ത.
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് 17 കാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കുമ്പോൾ ശേഖരിച്ച ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രതിയായ അച്ഛൻ്റെ ഡിഎൻഎയും പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന സത്യം പുറത്ത് വന്നത്.
ഇപ്പോൾ ആയുർവേദ ചികിത്സാലയത്തിലെ ഡോക്ടറാണ് പ്രതിസ്ഥാനത്തുള്ളത്. ആ അച്ഛന്റെ കാര്യം ഒന്നാലോചിച്ച് നോക്കുക. പോക്സോ കേസിൽ ജയിലിൽ അയാൾക്ക് പല തരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ടാകാം. പക്ഷെ സ്വന്തം മകൾ, ഇല്ലാത്തൊരു പീഡനകേസ് തന്റെ തലയിൽ കെട്ടി വെക്കുമ്പോൾ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷം എത്ര വലുതായിരിക്കും. അതിലും വലിയ ഒരു ദുരന്തവും ഒരു പിതാവിനും സംഭവിക്കാനില്ല.
നിയമത്തിന്റെ ചില കുരുക്കളിൽ പെട്ട്, ജീവിതം നശിച്ച് പോകുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊരു ആൾ മാത്രമാണ്, കുറ്റം ചെയ്യാതെ ജയിലിൽ കിടന്ന, സമൂഹത്തിന്റെ മൊത്തം കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വന്ന, നാദാപുരത്തെ തൂണേരിയിലെ ഈ പാവപ്പെട്ട മനുഷ്യൻ.