ഡോ. വന്ദന ദാസിന്റെ കൊലപാതകം : ഡോക്ടർമാരുടെ പ്രതിഷേധ സമരം പിൻവലിച്ചു.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ നടത്തി വന്ന 48 മണിക്കൂർ പ്രതിഷേധ സമരം പിൻവലിച്ചു. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിനായി ഓർഡിനൻസ് ഇറക്കാൻ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നത് വരെ വി.ഐ.പികളുടെ സുരക്ഷയിൽ നിന്നും വിട്ടു നിൽക്കുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികൾ തുടർന്നും നടത്തുമെന്ന് കെ.ജി.എം.ഒ.എ നേതാക്കൾ വ്യക്തമാക്കി.