ഡ്രഡ്ജര്‍ അഴിമതി; മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രഡ്ജര്‍ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ നെതര്‍ലന്റ്സ് ആസ്ഥാനമായ സ്ഥാപനത്തിൽ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍ അഴിമതി ഉണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സാങ്കേതിക സമിതിയെപ്പോലും മറികടന്ന് ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്തതായാണ് കണ്ടെത്തല്‍. എന്നാല്‍, സെന്‍ട്രല്‍ പര്‍ച്ചേസിംഗ് കമ്പനിയുടെ തീരുമാനപ്രകാരമാണ് ഇടപാടെന്ന ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.
ഈ ഉത്തരവിന് എതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ സമർപ്പിച്ചത്. പല നിര്‍ണായക വിവരങ്ങളും ജേക്കബ് തോമസ് മറച്ചുവച്ചെന്നതടക്കമുള്ള വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്.