ലഹരിപ്പൊടി വലിച്ച് കയറ്റി വണ്ടിയോടിക്കുന്ന റോഡിലെ കാലന്മാർ; എല്ലാവരെയും നിലക്ക് നിർത്താനൊരുങ്ങി മന്ത്രി ഗണേഷ്കുമാർ
കേരളത്തിലെ ഗതാഗത രംഗത്ത് പല പുതിയ പരിഷ്കരണങ്ങൾ കൊണ്ട് വരികയാണ് മന്ത്രി ഗണേഷ്കുമാർ.
ഡ്രൈവിങ് ലൈൻസിനായി ഇനി ‘എച്ച്’ എടുത്ത്, റോഡ് ടെസ്റ്റും നടത്തി പോയാല്‍ മാത്രം പോരാ. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാര്‍ക്കിങ്ങിലും പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ഡ്രൈവിങ്ങ് സ്കൂളുകള്‍ പരിശീലനം നല്കുന്നുണ്ടോ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തില്‍ പറയുന്നു.
റോഡ് മുറിച്ചുകടക്കുമ്പോള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മരണപ്പെടുന്നവരുടേയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇവരുടെ സുരക്ഷയിലും റോഡരികിലെ പാര്‍ക്കിങ്ങിലും പരിശീലനം കര്‍ശനമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്.
കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, മറ്റ് ഇരുചക്രവാഹന യാത്രികര്‍ എന്നിവര്‍ അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്കാണ് എല്ലാ റോഡുകളിലും മുന്‍ഗണന നൽകേണ്ടത്. ഓട്ടോറിക്ഷകള്‍, കാറുകള്‍, ചരക്ക് വാഹനങ്ങള്‍, വലിയ വാഹനങ്ങള്‍ എന്നിവ കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, ഇരുചക്രവാഹനക്കാർ എന്നിവരുടെ സുരക്ഷയെയും സൗകര്യത്തെയും മാനിക്കണം.
ഈ മൂന്ന് വിഭാഗത്തില്‍പ്പെടുന്ന യാത്രക്കാരെ ഹോണ്‍ അടിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കരുത്. പകരം അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഡ്രൈവിങ് പരിശീലകരുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കണമെന്നും റിഫ്രഷര്‍ ട്രെയിനിങ്ങിന് അവരെ നിര്‍ബന്ധമായി പങ്കെടുപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
നമ്മുടെ കേരളത്തിൽ കാൽനടക്കാർ, ടു വീലർ ഓടിക്കുന്നവർ, ചെറിയ വാഹനങ്ങൾ ഓടിക്കുന്നവർ ഒക്കെ ജീവൻ പണയം വെച്ചാണ് റോഡുകളിലേക്ക് ഇറങ്ങുന്നത്. റോഡിലെ കാലന്മാരായി അവതാരമെടുത്ത പേടിച്ച് വാഹനം ഓടിക്കേണ്ട അവസ്ഥയാണ് മിക്കവാറും എല്ലാ സ്ഥലങ്ങളിലും.
ലഹരി ഉപയോഗിച്ചാണ് ഇവരിൽ പലരും ബസ്സ് ഓടിക്കുന്നത്. കഴിഞ്ഞ ദിവസം ആലുവയിലെ ബസ് ജീവനക്കാരുടെ ചങ്ക്സ് ഡ്രൈവേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.
ആലുവ സ്റ്റാൻഡിൽ ബസോടിക്കുന്ന ആരും നല്ലതല്ലെന്നും മിക്കവാറും എംഡിഎംഎ, അല്ലെങ്കിൽ കഞ്ചാവ് മുതലായ ലഹരി വസ്തുക്കൾ ഉപയോഗിച്ചാണ് ബസ്സോടിക്കാനായി എത്തുന്നതെന്നും ജീവനക്കാരിൽ പലർക്കും ലൈസൻസ് പോലും ഇല്ലെന്നും ആ ശബ്ദ സന്ദേശത്തിൽ ഡ്രൈവർ പറയുന്നുണ്ട്. മത്സരയോട്ടത്തിനും പൊതുനിരത്തിലെ അപകടങ്ങൾക്കും ഇടയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ലഹരി ഉപയോഗിക്കുന്ന സ്വകാര്യ ബസ്സുകാരെ പിടികൂടാൻ ഗണേഷ്കുമാർ പ്രത്യേക സ്ക്വാഡ് പരിശോധന ഏർപ്പാടാക്കിയിരുന്നു. അനഗ്നെ തന്നെ പിടിച്ചാൽ, എല്ലാവരെയും പെടുത്തുമെന്നായിരുന്നു ലഹരി ഉപയോഗിച്ച ഡ്രൈവറുടെ ഭീഷണി. പൊടി അതായത് എംഡിഎംഎ എടുത്തത് താൻ ആണെന്ന് ശബ്ദ സന്ദേശത്തിൽ ആ ഡ്രൈവർ പറയുന്നണ്ട്.
കഴിഞ്ഞ ദിവസം ആലുവ സ്റ്റാൻഡിൽ കാരുണ്യഓട്ടം നടത്തിയിരുന്നു. ഇതിലുണ്ടായ ക്രമക്കേട് മറ്റുബസിലെ ജീവനക്കാർ ചോദ്യം ചെയ്യുകയുണ്ടായി.ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ ശബ്ദസന്ദേശം പുറത്തുവന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ശബ്ദസന്ദേശത്തിൽ ഉള്ളത്. ലൈസൻസ് ഇല്ലാത്ത കണ്ടക്ടർമാർ ആണ് ബസുകളിൽ ഉള്ളതെന്നും എംഡിഎംഎ വാങ്ങുന്ന ആളുകളും വാഹനം ഓടിക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ ഉണ്ട്.
പുറത്തുവന്ന വാട്സാപ്പ് സന്ദേശം ഗൗരവകരമായതാണ് എന്ന മന്ത്രി ഗണേഷ്കുമാറും പറയുന്നുണ്ട്. പാവപ്പെട്ടവരുടെ ജീവനുകളെ ബാധിക്കുന്ന വിഷയമാണിതെന്നും എല്ലാ ബസുകളിലും കർശന പരിശോധന നടത്തി സംശയം തോന്നുന്ന എല്ലാവരെയും പിടിക്കും എന്നും അദ്ദേഹം ഉറപ്പ് നൽകി. അങ്ങനെ പിടിക്കപ്പെട്ടാൽ ഇനിമുതൽ ലൈസൻസ് സസ്പെൻഡ് ചെയ്യൽ ആയിരിക്കില്ല, പകരം റദ്ദാക്കലായിരിക്കും ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
ഇത് പറഞ്ഞ ഉടനെയാണ് ഇന്നലെ കഞ്ചാവുമായി പ്രൈവറ്റ് ബസ് ഡ്രൈവർ പിടിയിലായത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധനയിലാണ് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ആലുവ – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വി.ടി എന്ന ബസിലെ ഡ്രൈവര്‍ എടത്തല സ്വദേശി മുഹമ്മദ് ഷാഫി പിടിയിലായി. പരിശോധനയില്‍ എഴുപതോളം നിയമ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വല്ലാത്ത വിചിത്രയിനം ജീവികളാണ് പ്രൈവറ്റ് ബേസിൽ ഉള്ള ജീവനക്കാർ. രാവിലെ ആറു മണിക്ക് യാതൊരു തിരക്കുമില്ലാതെ പോകുകയാണെങ്കിലും മുന്നിൽ കാണുന്ന ചെറിയ വണ്ടികളെ ഹിന്ദിച്ചും ലൈറ്റടിച്ചും പേടിപ്പിക്കുക. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബസ് ചേർത്ത് കൊണ്ട് പോകുക. റോഡിന്റെ നടുവിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. ഓവർടേക് ചെയ്ത ശേഷം പെട്ടെന്ന് മുന്നിൽ ചവിട്ടി നിർത്തുക എന്നതൊക്കെയാണ് ഇവരുടെ സ്ഥിരം കലാപരിപാടികൾ.
ഒരു വണ്ടിയും, കാറോ ബൈക്കോ ഓട്ടോയോ ആയിക്കോട്ടെ, ഇവരെ കടന്നു പോകുന്നത് ഇവർക്ക് ഇഷ്ടമുള്ള കാര്യമല്ല. പിന്നെ ആളെ കയറ്റാതെ, ഈ വണ്ടികളെ ഓവർടേക് ചെയ്യാനാണ് ഈ ഡ്രൈവർമാർ ശ്രമിക്കുന്നത്. രാവിലെ തന്നെ മദ്യലഹരിയിൽ ഉള്ളവരെ പോലെയാണ് പലരും പെരുമാറുന്നത്. അതൊക്കെ കഞ്ചാവോ, എംഡിഎംഎ യോ ആണെന്നതാണ് സത്യം.
റോഡുകൾ എല്ലാവർക്കും ഉള്ളതാണ്. പ്രൈവറ്റ് ബസ്സുകാർക്ക് ടൈമിൽ ഓടി ഏതാണ് പറ്റുന്നില്ലെങ്കിൽ ബസ് ഓടിക്കാതെ സമരം ചെയ്യുക. ബാക്കിയുള്ള റോഡിൽ കൂടെ പോകുന്ന പാവങ്ങളുടെ ജീവൻ വെച്ചല്ല കളിക്കേണ്ടത്. ബൈക്കോ കാറോ ഓട്ടോയോ തട്ടിയാൽ ബസ് ഓടിക്കുന്നവന് പരുക്ക് ഒന്നും പറ്റില്ലെന്ന അഹങ്കാരവും ഇവർക്കുണ്ട്.
എന്നാലിപ്പോൾ അലക്ഷ്യമായോ മനഃപൂർവ്വമായോ അപകടങ്ങൾ ഉണ്ടാക്കുന്ന ബസ് ഡ്രൈവർമാർക്ക് പരുക്കുകൾ പറ്റുന്നുണ്ട്. നാട്ടുകാർ പല സ്ഥലങ്ങളിലും പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അഹങ്കാരം കാണിച്ച, ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്ന നിരവധി ഡ്രൈവറാരെ നാട്ടുകാർ നന്നായി പെരുമാറിയിട്ടുമുണ്ട്.













