മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തോട് ചേർന്ന്; സ്വീകരണം വിവാദത്തിൽ

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും വിവാദത്തിൽ. ആശുപത്രിവളപ്പിൽ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു പടക്കംപൊട്ടിക്കലും ചെണ്ടമേളവും. സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾ ആശുപത്രികളിൽ ഉണ്ടാകാറില്ലെന്ന് മന്ത്രിയും പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്സ്ഫോര്മേഷന്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനാണ് മന്ത്രി വീണാ ജോർജ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ മന്ത്രിയെ സ്വീകരിച്ചു. ആശുപത്രി കോമ്പൗണ്ടിൽ അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു പടക്കം പൊട്ടിച്ചത്.
ഈ സമയം ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നു. പ്രസംഗത്തിൽ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി.ചികിത്സാരംഗത്ത് വയനാട് ജില്ലയിലെ സ്വയംപര്യാപ്തമാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.