മുല്ലപ്പെരിയാർ പൊട്ടിയെന്ന ഭീതി പടർത്തി പുലർച്ചെ വെള്ളപ്പാച്ചിൽ; തമ്മനത്ത് ജലസംഭരണി തകർന്ന് ഒട്ടേറെ നാശനഷ്ടങ്ങൾ
തമ്മനത്ത് ഇന്ന് പുലർച്ചെ തകർന്നത് ഒരു കോടി ലിറ്ററിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്ന, രണ്ട് ക്യാബിനുള്ള ഒരു ജല സംഭരണിയാണ്. ഇതില്‍ ഒരു ക്യാബിനിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. ഈ പാളി തകര്‍ന്നു മാറുമ്പോള്‍ തമ്മനത്തെ ജലസംഭരണിയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമുണ്ടായിരുന്നു എന്നാണ് വിവരം.
80 ശതമാനത്തോളം വെള്ളം അപകടം നടക്കുന്ന സമയത്ത് ഈ ടാങ്കിലുണ്ടായിരുന്നു. ഏകദേശം 40 വർഷം പഴക്കമുള്ള ടാങ്കാണ് തകർന്നത്.
സംഭവം പുലര്‍ച്ചെ രണ്ട് മണിയോടെ ആയതിനാല്‍ വീടുകളില്‍ വെള്ളം കയറിയതിനു ശേഷമാണ് എല്ലാവരും അറിഞ്ഞത്. അപ്പോഴേക്കും ചെളിയും മറ്റും വീടുകളുടെ ഉള്ളിലേക്ക് കയറിക്കഴിഞ്ഞിരുന്നു. മിക്ക വീടുകളിലും ചെളി കോരിക്കളയുന്ന ജോലി നടന്നു കൊണ്ടിരിക്കുകയാണ്. വെള്ളം ഒഴുക്കി വിടാനായി പല വീടുകളിലും മോട്ടോര്‍ ഉപയോഗിക്കേണ്ടി വന്നു.
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലും കാറുകളിലും ചെളിയും വെള്ളവും കയറി സ്റ്റാര്‍ട്ട് ചെയ്യാനാകാത്ത നിലയിലാണുള്ളത്. ബൈക്കുകളും മറ്റും വെള്ളത്തിന്റെ ശക്തിയില്‍ മറിഞ്ഞുവീണ് ചെളിയില്‍ പുതഞ്ഞ നിലയിലാണുള്ളത്.
തൃപ്പൂണിത്തുറ, പേട്ട മേഖലകളിലും നഗരത്തിലെ ചില ഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ജലവിതരണം പഴയ സ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രദേശത്തെ നഗര കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ സാധനങ്ങളും വെള്ളം കയറി നശിച്ച അവസ്ഥയാണുള്ളത്. ആരോഗ്യകേന്ദ്രത്തിലെ പിപി കിറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.
“രണ്ട് മണിയ്ക്ക് ശബ്ദം കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വെള്ളം ഒഴുകുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ വേഷം മാറി വിവരമറിയിക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ എത്തി. ആ സമയത്ത് അവിടെ മുറ്റത്ത് മാത്രമേ വെള്ളമെത്തിയിരുന്നുള്ളൂ. വെള്ളം എവിടെനിന്നെത്തി എന്നുള്ള പരിശോധനയിലായിരുന്നു ജീവനക്കാർ. അപ്പോള്‍ത്തന്നെ അവര്‍ അവിടെയുള്ള വലിയൊരു വാല്‍വ് അടച്ചു. അതോടെ ജലമൊഴുക്കിന് കുറവ് വന്നു”- എന്നാണ് നാട്ടുകാരനായ ടോണി പറയുന്നത്.
രാത്രി രണ്ടുമണിയ്ക്ക് നടന്ന അപകടം ആയതിനാൽ പലർക്കും ഇതൊരു ഷോക്കായി മാറി. വെള്ളത്തിന്റെ ശബ്ദം കേട്ടു, പിന്നെ കട്ടില് മുങ്ങുന്നത്രയും വെള്ളം വീട്ടിനുള്ളില്‍ കയറി. അലമാരയുടെ രണ്ടാമത്തെ തട്ട് വരെ വെള്ളം കയറി. തുണികളെല്ലാം ചെളിവെള്ളത്തില്‍ നനഞ്ഞു. എങ്ങനെയൊക്കെയോ വാതിൽ തള്ളിത്തുറന്ന് വീടിന് മുകളില്‍ കയറിയിരുന്നു എന്നാണ് ഒരു വീട്ടുകാർ പറയുന്നത്. രാവിലെ അഞ്ചുമണി മുതല്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങിയതാണ് എന്നും അവർ പറയുന്നു.
പെട്ടെന്ന് അണക്കെട്ട് പൊട്ടിയോ എന്നുൾപ്പടെ സംശയിച്ച് പരിഭ്രാന്തരായെന്നും പ്രദേശവാസികള്‍ പറയുന്നു. മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിൽ ആണെന്നുള്ള നിരന്തര റിപ്പോർട്ടുകൾ കാരണം നാട്ടുകാരിൽ അങ്ങനെയൊരു ഭീതിയും നില നിൽക്കുന്നുണ്ട്. എന്നാൽ ഒരു പരിധിയിൽ അപ്പുറത്തേക്ക് വെള്ളത്തിന്റെ കുത്തൊഴുക്ക് ഇല്ലാത്തത് കൊണ്ട് അണക്കെട്ടിനെ കുറിച്ചുള്ള ആശങ്കകൾ പെട്ടെന്ന് മാറുകയും ചെയ്തു.
പലരും വെള്ളം കണ്ട എഴുന്നേറ്റപ്പോളെക്കും മുറിക്കകത്ത് മുട്ടോളം പൊക്കത്തിൽ വെള്ളമെത്തിയിരുന്നു. മോട്ടോര്‍ വെച്ചാണ് പലരും വെള്ളം വറ്റിച്ചത്.
കാലപ്പഴക്കമാണോ നിര്‍മാണത്തിലെ അപാകതയാണോ ഈ അപകടത്തിന് കാരണമെന്ന് നിലവില്‍ വ്യക്തമായിട്ടില്ല. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തമ്മനം കുത്താപ്പാടി പമ്പ് ഹൗസിലെ വാട്ടർ അതോറിറ്റിയുടെ ടാങ്ക് പൊട്ടിയ സ്ഥലം സന്ദർശിച്ചെന്നും വലിയ തോതിൽ ഉള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ തോമസ് പ്രതികരിച്ചു. ജല വിഭവ മന്ത്രിയോടും, ജില്ലാ കളക്ടറോടും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറയുന്നു.
അതേസമയം ടാങ്കിന്റെ ഓവർഫ്ലോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും കാലപ്പഴക്കം കണക്കിലെടുക്കാത്തത് ആണ് ഈ വലിയ അപകടത്തിലേക്ക് നയിച്ചത് എന്നും, പകരം സംവിധാനം ഒരുക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കൊച്ചി നഗരത്തിലെ 30 ശതമാനത്തോളം ഏരിയകളിൽ ജലവിതരണം മുടങ്ങും. ടാങ്ക് നേരെ ആക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ സമയം എടുത്തേക്കും എന്നാണ് സൂചന. അതേസമയം ടാങ്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറുപടി പറയേണ്ടത് വാട്ടർ ടാങ്ക് അതോറിറ്റി ആണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറയുന്നു. മറ്റൊരു വാൽവ് ഘടിപ്പിച്ച് വെള്ളം പമ്പ് ചെയ്യുവാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴായി ടാങ്കിൽ നിന്നും വെള്ളം ഒഴുകിപ്പോകാറുണ്ട് എന്നും മേയർ പറയുന്നു.












