എ സി മൊയ്തീന് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡ്; അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എല്‍.എയുടെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ. 22 മണിക്കൂറിലധികമാണ് റെയ്ഡ് നീണ്ടുനിന്നത്. ഇന്നലെ രാവിലെ 7 മണിക്കാണ് 12 പേരടങ്ങുന്ന എൻഫോഴ്സ്മെന്റ് സംഘം സായുധസേനാംഗങ്ങളോടൊപ്പം പനങ്ങാട്ടുകരയിലെ വീട്ടില്‍ എത്തിയത്.
മൊയ്തീൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി പോകാൻ ഒരുങ്ങുമ്പോഴാണ് ഇ.ഡി സംഘം എത്തുന്നത്. പ്രഭാത സവാരി കഴിഞ്ഞ് വീട്ടിലെത്തിയ മൊയ്തീനെ, ഇ.ഡി മേധാവി ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയെക്കുറിച്ച് ധരിപ്പിച്ചു. വീടിന്റെ വാതിലുകള്‍ അടച്ചിട്ട ശേഷം ആരെയും പ്രവേശിപ്പിക്കാതെയാണ് റെയ്ഡ് തുടങ്ങിയത്. മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്കൊപ്പം കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
എ.സി.മൊയ്തീന്റെ ഭാര്യ സുബൈദ ബീവിയും മകള്‍ ഡോ. ഷീബയും വീട്ടിലുണ്ടായിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ രണ്ടു തവണ മൊയ്തീൻ പുറത്തു വന്നെങ്കിലും, മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. മൊയ്തീനുമായി ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാട് നടത്തിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പൊലീസ് ഇക്കാര്യം പരിശോധിച്ചില്ലെന്നും പരാതിയുണ്ടായിരുന്നു.