പാളത്തില്‍ തലചുറ്റി വീണു; തീവണ്ടിക്കടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധിക

തൃശൂര്‍ ഉത്രാളിക്കാവില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ റെയില്‍ വേ പാളത്തില്‍ തല ചുറ്റി വീണ് വയോധിക. റെയില്‍ പാളത്തിലൂടെ വീട്ടിലേക്കു നടന്നു പോവുകയായിരുന്ന എങ്കക്കാട് ഏറത്ത് ശാന്ത(78)യാണ് പാളത്തില്‍ തല ചുറ്റി വീണത്. മാരാത്ത് കുന്ന് ഗേറ്റിന് സമീപമാണ് സംഭവം. പാളം ക്രോസ് ചെയ്യാനായി കാലെടുത്ത് വെക്കവേ സൈറണ്‍ മുഴക്കി വരുന്ന ട്രെയിന്‍ കണ്ട് പരിഭ്രമിച്ചാണ് വയോധിക തലകറങ്ങി വീണത്.
ന്യൂഡല്‍ഹിയിലേക്കു പോയിരുന്ന മംഗള എക്സ്പ്രസിന്റെ അടിയിലാണ് വയോധിക തല കറങ്ങി വീണത്. ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ വേഗം കുറച്ചാണ് ട്രെയിനുകള്‍ വരുന്നത്. പാളത്തില്‍ വയോധിക കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ലോക്കോപൈലറ്റ് പെട്ടെന്ന് വണ്ടി നിര്‍ത്തുകയായിരുന്നു.
എന്‍ജിന്റെ ഭാഗം വയോധികയുടെ മുകളില്‍ കൂടി കടന്നു പോയെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. പാളത്തിനു നടുവിലായതിനാല്‍ വലിയ പരിക്കുകളില്ലാതെ വയോധിക രക്ഷപ്പെടുകയായിരുന്നു.
അപകടം കണ്ട് മാരാത്തുകുന്ന് ഗേറ്റ് പരിസരത്തു നിന്ന ചുമട്ടു തൊഴിലാളികളും റെയില്‍വേ ജീവനക്കാരും ഓടിയെത്തി വയോധികയെ തീവണ്ടിക്കടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
Content Highlights – Elderly Women escaped from under the Train