ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനം; ഗണേഷ് കുമാറിനെതിരെ വി. കെ പ്രശാന്ത്

ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സിപിഎം എംഎല്‍എ വി കെ പ്രശാന്ത്.
ഇലക്ട്രിക് ബസുകള്‍ നയപരമായ തീരുമാനമാണെന്നും മലിനീകരണം കുറയ്ക്കാനാണ് ഇലക്ട്രിക് ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്നും വി കെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്നും കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി ഇ- ബസുകള്‍ വാങ്ങില്ലെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ വി കെ പ്രശാന്ത് രംഗത്തുവന്നത്.
‘തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് KSRTC ചെയ്യേണ്ടത് ‘- വി കെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.