പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു

പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോളാണ് അന്ത്യം.
കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണൻ പത്താം ക്ലാസുവരെയാണ് പഠിച്ചത്. അതിന് ശേഷം അച്ഛനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. ശ്രീ നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ച് തുടങ്ങിയപ്പോൾ കള്ള് കച്ചവടത്തിൽ നിന്നും മാറിനിന്നു. അങ്ങനെയാണ് മരങ്ങളുടെ ലോകത്തേക്ക് പൂർണമായി ഇറങ്ങിയത്. പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ വീട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശം വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലൻ പച്ച പുതപ്പിച്ചത്.
മലയിലെ പാറകൾക്കിടയിൽ കുഴി ഉണ്ടാക്കി പക്ഷികൾക്കും മറ്റു ജീവികൾക്കും ദാഹനീരിന് വഴിയൊരുക്കി. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവർ മക്കളാണ്.