എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ 4 കിലോ കഞ്ചാവ്
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനടുത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഫ്ലൈ ഓവറിലേയ്ക്ക് കയറുന്ന ചവിട്ടുപടിയ്ക്ക് സമീപമായാണ് കഞ്ചാവ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട ഒരു ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പൊലീസിൻ്റെ ക്രൈം ഡിറ്റക്ഷൻ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ 4.171 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ എക്സൈസ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപ്പിക് ഡ്രഗ്സ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊണ്ടിമുതൽ എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലേയ്ക്ക് മാറ്റിയിട്ടുണ്ട്.