ബിരിയാണിയില് ജീവനുള്ള പുഴുക്കള്; കാക്കനാട് ഹോട്ടലില് പരിശോധന
കൊച്ചിയിലെ ഹോട്ടലില് വിളമ്പിയ ബിരിയാണിയില് നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട് പ്രവർത്തക്കുന്ന ടേസ്റ്റി എംപയര് ഹോട്ടലില് നിന്നാണ് ബിരിയാണിയിൽ പുഴുക്കളെ കണ്ടത്. ഉപഭോക്താവിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് , പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു.
സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര് ഓഡർ ചെയ്ത ബിരിയാണിയില് നിന്നാണ് പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കന് അടര്ത്തിയെടുത്തപ്പോഴാണ് പുഴുവരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടര്ന്ന് ഇവര് ഹോട്ടല് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം മാറ്റി നല്കാമെന്നും ബില്ല് നല്കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല് ഉടമ അനുനയിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ പറയുന്നു.
ഈ സമയത്ത് ഹോട്ടലില് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം അറിയിച്ചത്. പുഴുക്കള് അടങ്ങിയ ബിരിയാണി ഹോട്ടല് ഉടമ നശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു. എന്നാൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് ഹോട്ടല് പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫീസര് ഉറപ്പുനല്കിയതായി പരാതിക്കാരന് പറഞ്ഞു.
കഴിഞ്ഞമാസം കണ്ണൂരിൽ ഷവർമ കഴിച്ച വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. പലസ്ഥലങ്ങളിൽ നിന്നും പഴകിയതും നിലവാരമില്ലാത്തതുമായ ഭക്ഷണം പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് പരിശോധനയിൽ ഇളവ് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പൂതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.