മാക്ട തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപണം
മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപണം. 2022-2025 വര്‍ഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിലെ സി, ഡി കാറ്റഗറി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം. ജൂണ്‍ 12ന് എറണാകുളത്ത് വെച്ചാണ് 2022 – 2025 വര്‍ഷത്തേയ്ക്കുള്ള മാക്ടയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സി കാറ്റഗറിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ ജി ഗിരീഷ് ബാബു ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സി, ഡി കാറ്റഗറിയില്‍ മത്സരരംഗത്തുള്ള വേണുഗോപാല്‍ എം, എം ബാവ, ഷാജി പട്ടിക്കര, സുദീപ് കുമാര്‍, കോളിന്‍സ് ഡിയാസ്, ഹരികുമാര്‍ എന്‍, ഗിരിശങ്കര്‍ ബി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗിരീഷ് ബാബു മാക്ടയുടെ തെരെഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കിയത്.
ആരോപിതരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാക്ടയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് പോസ്റ്റര്‍ ഉണ്ടാക്കി മാക്ടയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലും മറ്റു സിനിമ വാട്സാപ്പ് ഗ്രൂപ്പുകളിലും, സോഷ്യല്‍ മീഡിയയിലും ഉള്‍പ്പടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. സി കാറ്റഗറി സ്ഥാനാര്‍ത്ഥി ഷാജി പട്ടിക്കരയാണ് തിങ്കളാഴ്ച്ച മുതല്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതെന്നും പരാതിയില്‍ ഉണ്ട്. പോസ്റ്ററില്‍ ഫോട്ടോയും പേരും ഉള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് മാക്ടയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് ഷാജി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതെന്നാണ് പരാതിക്കാരന് ഗിരീഷ് ബാബുവിന്റെ വാദം.
ഇത്തരം പ്രവൃത്തികള്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനവും നിയമലംഘനവും ആണെന്ന് ഗിരീഷ്ബാബു ആരോപിക്കുന്നു. ആരോപണവിധേയര്‍ക്കെതിരെ തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്തില് നിന്നും അയോഗ്യരാക്കി പ്രഖ്യാപിക്കണമെന്ന് ഗിരീഷ് ബാബു തന്റെ പരാതിയിൽ ആവശ്യപ്പെട്ടു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തിയിലൂടെ തെരെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍പ്പോലും ആരോപിതരെ അയോഗ്യരാക്കണമെന്നും ഗിരീഷ് ബാബു ആവശ്യപ്പെടുന്നു.
Content Highlight: Election complaint arise at MACTA