അങ്കമാലിയില്‍ എം ഡി എം എയുമായി അഞ്ചു യുവാക്കള്‍ പിടിയില്‍
നാനൂറ് ഗ്രാം എം ഡി എം എ യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് തറമേൽ വീട്ടില്‍ മുനീഷ് (27), സൗത്ത് വാഴക്കുളം താഴത്താൻ വീട്ടില്‍ അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പരവൂർ കൊല്ലപ്പറമ്പിൽ വീട്ടില്‍ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ വീട്ടില്‍ മുഹമ്മദ് അൻസാർ (26), പുക്കാട്ടുപടി മലയിടം തുരുത്ത് താഴത്ത് പറമ്പിൽ വീട്ടില്‍ അസ്രത്ത് (20), എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അങ്കമാലി ടി ബി ജംഗ്ഷനിൽ വച്ച് കാറിൽ കടത്തുകയായിരുന്ന 634 മില്ലിഗ്രാം എം ഡി എം എയുമായി മൂന്നു പേരെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്കൂട്ടറിൽ സൂക്ഷിച്ച നാനൂറ് ഗ്രാമോളം മയക്കുമരുന്നും രണ്ട് പേരെയും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നുമാണ് സംഘം എം ഡി എം എ കൊണ്ടുവന്നത്. ബാംഗ്ലൂരിൽ നിന്ന് ബസിൽ കോയമ്പത്തൂരിൽ എത്തിയ ടീമിലെ മൂന്നുപേർ കാറിലും ഒരാൾ ബസിലും കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.
കാറിൽ എത്തിയ സംഘത്തെ പോലീസ് പിടികൂടിയെന്നറിഞ്ഞ ബസിൽ വരികയായിരുന്ന മുനീഷ് സുഹൃത്ത് അസൃത്തിന്റെ സ്ക്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് ഇവരെ പിന്തുടർന്ന പോലീസ് ആലുവ കുന്നത്തേരി ഭാഗത്തു നിന്നുമാണ് പിടികൂടിയത്. സംഘം മയക്കുമരുന്ന് വാങ്ങുന്നതിന് ആദ്യം ഡൽഹിയിലാണ് പോയത്. അവിടെ നിന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബാംഗ്ലൂരിലെത്തി എം.ഡി.എം.എ വാങ്ങിയത്.
ഡി വൈ എസ് പിമാരായ പി കെ ശിവൻകുട്ടി, പി പി ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ലഹരി വസ്തുക്കൾ ആർക്കാണ് കൊണ്ടുവന്നതെന്നുൾപ്പടെയുള്ള കാര്യം അന്വേഷിച്ച് കണ്ടെത്തുമെന്ന് എസ് പി കാർത്തിക് പറഞ്ഞു.