മനുഷ്യൻ മരിച്ച് കിടന്നാലും പോക്കറ്റിൽ കയ്യിടുന്ന ചിലരുണ്ട്: ബ്രെയിൻ ഡെത്ത് സംഭവിച്ച ഡ്രൈവറുടെ വണ്ടി വിട്ടുകൊടുക്കാൻ 10000 രൂപ ചോദിച്ച പൊലീസ് ഉദ്യോഗസ്ഥൻ

കൈക്കൂലി മേടിക്കുന്ന പല സംഭവങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ചെയ്ത തെറ്റിൽ നിന്ന് രക്ഷിക്കാൻ കൈക്കൂലി വാങ്ങുന്ന പോലീസുകാർ ഉണ്ട്. ഇനി തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും, ഭീഷണിപ്പെടുത്തി കൈക്കൂലി ചോദിച്ച് മേടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാൽ മരട് പോലീസ് സ്റ്റേഷനിൽ നടന്നത് ഒരു മാതിരി നാണം കേട്ട കൈക്കൂലി വാങ്ങലാണ്.
വൈറ്റില ഹബ്ബിന് സമീപം അപകടമുണ്ടാക്കിയ കേസിലെ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലിയായി ചോദിച്ച് വാങ്ങിയ മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കാഞ്ഞിരമറ്റം സ്വദേശി ഗോപകുമാറിനെ വിജിലൻസ് പിടി കൂടുകയും ചെയ്തു.
വൈറ്റില ഹബ്ബിന് സമീപം 25-ാം തീയതി വൈകിട്ട് 5.30യോടെ പള്ളിക്കര സ്വദേശി ഷിബു വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുകയും തുടർന്ന് ഒരു വൈദ്യുതി പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
അതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർ കോമ സ്റ്റേജിൽ ചികിത്സയിലുമാണ്.
തുടർന്ന് മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗോപകുമാർ പരാതിക്കാരനായ ഷിബു വർഗീസിനെ ഫോണിൽ വിളിച്ച് കേസിൽപ്പെട്ട ലോറി വിട്ട് നൽകുന്നതിന് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അന്നേ ദിവസം രാത്രി സ്റ്റേഷനിലെത്തി ഗോപകുമാറിനെ നേരിൽ കണ്ടപ്പോൾ 27-ാം തീയതി വീണ്ടും സ്റ്റേഷനിൽ വരാൻ പറഞ്ഞു. തുടർന്ന് 27-ാം തീയതി പരാതിക്കാരൻ സ്റ്റേഷനിൽ എത്തിയപ്പോൾ വാഹനം വിട്ട് നൽകുന്നതിന് 10,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരൻ തന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയിൽ കഴിയുന്ന ഡ്രൈവറുടെ ചികിത്സയുടെ കാര്യവും പറഞ്ഞുവെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ 10,000 രൂപ തന്നെ കൈക്കൂലി വേണമെന്ന് ഉറപ്പിച്ച് പറഞ്ഞു. തുടർന്ന് തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിലെത്തി ഗ്രേഡ് എസ്.ഐ ഗോപകുമാറിനെ കണ്ട് തന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ തുകയാണ് താൻ ആവശ്യപ്പെട്ടതെന്നും ഇതിൽ കുറക്കാൻ കഴിയില്ലായെന്നും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്റ്റേഷനിലെത്തി പണം നൽകണമെന്നും പറഞ്ഞ് തിരികെ അയച്ചു.
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അങ്ങനെ വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ചൊവ്വാഴ്ച വൈകിട്ട് 4.15ന് മരട് പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ ഗ്രേഡ് എസ്.ഐയെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇനി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഒന്ന് ചിന്തിച്ച് നോക്കുക. ബ്രെയിൻ ഡെത്ത് സംഭവിച്ച, അതായത് മസ്തിഷ്ക മരണം സംഭവിച്ച ഒരു ഡ്രൈവർ ഓടിച്ച വാഹനം വിട്ടുകൊടുക്കാനാണ് ഉടമയുടെ പക്കൽ നിന്നും ഇയാൾ 10000 രൂപ വേണമെന്ന് പറഞ്ഞത്. ഇയാൾക്ക് കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല. ഡ്രൈവർക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ച കാര്യം അറിയിച്ചിട്ടും ഗോപകുമാർ പിടിവാശിയിൽ ആയിരുന്നു. 56 വയസ്സായിട്ടും പൈസയോട് ഉള്ള ആക്രാന്തം അവസാനം ഇയാളെ കുടുക്കി.
അയാൾക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയോ, അല്ലെങ്കിൽ പെൻഷൻ ആനുകൂല്യമാണ് ലഭിക്കാതെ ഇരിക്കുന്ന അവസ്ഥയോ അല്ല പ്രശ്നം. എന്തൊരു ക്രൂരമായ മനസ്സാണ് അയാളുടേത് എന്ന ഓർക്കുക. ആ സമയം വരെ വാഹനം ഓടിച്ച് ജീവിചിരുന്ന ഒരു ഡ്രൈവർ, മസ്തിഷ്ക മരണം സംഭവിച്ച് കിടക്കുകയാണ്. അയാൾക്ക് ഇനിയും വാഹനം ഓടിച്ച് ജീവിക്കുവാൻ കഴിയില്ല. അപ്പോളും പതിനായിരം രൂപക്ക് വേണ്ടി കടുംപിടിത്തം നടത്തുന്ന ഇയാൾ ഇടന്ത മാത്രം ക്രൂരൻ ആയിരിക്കണം.
നൂറ് നല്ല പോലീസുകാർ ഉണ്ടാകുമ്പോൾ ഇതുപോലെ നെറികെട്ട ഒരുത്തൻ മതി മൊത്തം പോലീസ് സേനക്കും കളങ്കം ഉണ്ടാക്കി വെക്കാൻ.