”എല്ലാവരും സല്യൂട്ട് അടിക്ക്, ഞാൻ ഭരത് ചന്ദ്രനാണ്” വയോധികയെ പരിഹസിച്ച് വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി

കലുങ്ക് സൗഹൃദ സദസ്സ് എന്ന പരിപാടി ഇപ്പോൾ, പാവപ്പെട്ടവരെ പരിഹസിക്കൽ സദസ്സ് ആയി മാറിയിട്ടുണ്ട്. മാറിയതല്ല, കേന്ദ്ര സഹമന്ത്രയും ത്യശൂർ എംപിയുമായ സുരേഷ്ഗോപി സാർ അങ്ങനെ മാറ്റിയെടുത്തതാണ്. കൊടുങ്ങല്ലൂർ കലുങ്ക് സദസും വിവാദമായി മാറി.
കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചു വിട്ടു. ‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി പോകുന്നത് എളുപ്പമല്ലെന്നും, തന്നെക്കൊണ്ട് അതിന് പറ്റുമെന്ന് തോന്നുന്നില്ല എന്നും ആ സ്ത്രീ പറഞ്ഞപ്പോൾ, ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. സാർ ഞങ്ങളുടെ മന്ത്രിയല്ലേ എന്ന് വയോധിക തിരികെ ചോദിച്ചു. അപ്പോളും സുരേഷ്ഗോപി സാറിന് മറ്റേ തമ്പുരാൻ ബാധ കേറി. നിങ്ങളുടെ മന്ത്രിയല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് അദ്ദേഹം മറുപടി നൽകി. മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും പറഞ്ഞ് അത് അവിടെ അവസാനിപ്പിച്ചു.
തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച തൃശൂരിലെ ജനങ്ങളെയും ജനാധിപത്യത്തെയും അപമാനിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം ചോദിച്ചാണ് അവർ എത്തിയത്. മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് പറഞ്ഞതിലും വലിയ തെറ്റൊന്നുമില്ല.
എന്നാൽ ആ പരിഹാസവും പുശ്ചവുമാണ് ഒഴിവാക്കേണ്ടത്. മുഖ്യമന്ത്രിയെ കാണാൻ പോകാൻ വലിയ ബുദ്ധിമുട്ടാണെന്ന് ഒരു വയോധിക പറയുന്നു. അതുകൊണ്ട് തന്നെ, തന്റെ മുന്നിൽ എത്തിയ കേന്ദ്രമന്ത്രിയോട് ഈ കാര്യം പറയുന്നു. ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു അതിനുള്ള മറുപടി.
ഇതിന് മുൻപ് അദ്ദേഹത്തെ സമീപിച്ച കൊച്ചുവേലായുധൻ എന്ന വയോധികന്റെ നിവേദനം പുച്ഛത്തോടെ നിരസിച്ചതിലൂടെ ഈ ഫ്യൂഡൽ പ്രഭുവിന്റെ ധാർഷ്ട്യം എല്ലാവരും കണ്ടതാണ്. രണ്ടോ മൂന്നോ ദിവസം താൻ ചെയ്തതിനെ സുരേഷ്ഗോപിയും ന്യായീകരിച്ച് നടന്നു. പിന്നെ സമാൻയാ ബോധമുള്ള ആരോ പറഞ്ഞ് കൊടുത്ത് കാണും, സാർ ചെയ്തത് ശരിയായില്ല എന്ന്.
അങ്ങനെയാണ് , കൊച്ചുവേലായുധന്റെ നിവേദനം മടക്കിയ സംഭവത്തെത്തുടർന്നുണ്ടായ ആരോപണങ്ങളിൽ കൈപ്പിഴ പറ്റിയെന്ന വിശദീകരണം സുരേഷ് ഗോപി നടത്തിയത്. പുള്ളിലെ കലുങ്ക് സദസിൽ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സിനിമയിൽ എപ്പോളും ഭാ പുല്ലേ എന്ന് വിളിച്ച് ബനടന്നിരുന്ന ഇദ്ദേഹം, ജനങ്ങൾക്ക് പുല്ലിന്റെ വില പോലും കല്പിക്കുന്നില്ല എന്നതാണ് സത്യം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയം എന്തുമാകട്ടെ, പണം നഷ്ടമായ ഒരു വയോധികയോട് സഹതാപത്തോടെ പെരുമാറുക എന്നത് ഒരു സാമാന്യ മര്യാദയാണ്.
മന്ത്രിയായി ജനങ്ങളുടെ മുന്നിൽ വരുമ്പോളും സിനിമ ഷൂട്ട് ആണെന്ന തോന്നൽ ഇദ്ദേഹത്തിനുണ്ട്.
ജനങ്ങളോട് സംവദിക്കേണ്ട രീതിയെക്കുറിച്ചോ, ഒരു കേന്ദ്രമന്ത്രി പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ചോ അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലെന്ന് ഈ സംഭവങ്ങൾ ആവർത്തിച്ച് തെളിയിക്കുകയാണ്.
ജനങ്ങളാണ് യജമാനന്മാരെന്നും താൻ അവരുടെ സേവകനാണെന്നുമുള്ള ജനാധിപത്യ ബോധ്യം അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ പുച്ഛത്തോടെ കാണുകയും അവരുടെ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ഈ ഫ്യൂഡൽ മനോഭാവം കേരളം പോലുള്ള സംസ്ഥാനത്തു അധികം കാണാൻ കഴിയില്ല.
സുരേഷ്ഗോപിയുടെ പ്രതികരണം ഇങ്ങനെയാണ് – കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. ‘സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു ആരോപണം. എന്തിന് ഞാൻ സിനിമയിൽ നിന്ന് ഇറങ്ങണം, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല. ചില സിനിമകൾ നൂറു ദിവസം ഓടിയിട്ടുണ്ടെങ്കിൽ അതാണ് ജനങ്ങൾക്ക് താൽപര്യം.’
കലുങ്ക് സംവാദം സൗഹൃദ വേദിയാണെന്നും എതിർക്കുന്നവർക്കെല്ലാം ഇനി ഇത് ഒരു തീവ്ര ശക്തിയായി മാറുമെന്നും, ഇതൊരു താക്കീത് അല്ല അറിയിപ്പാണെന്നും, പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. സുരേഷ്ഗോപിക്ക് ഒരു മാറ്റവുമില്ല. ഇനി മാറുമെന്നും തോന്നുന്നില്ല. എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്ന് ഒരു മന്ത്രി പറയുമ്പോൾ, ചുറ്റുമിരുന്നു ഉറക്കെ പൊട്ടിച്ചിരിക്കുന്നവരെ കാണുമ്പോളാണ് ശരിക്കും സഹതായപ്പം തോന്നുന്നത് .