ആലപ്പുഴയില്‍ കര്‍ഷകരുടെ കരിദിന ആചരണം; തടയാന്‍ സിപിഎം, സംഘര്‍ഷം
കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധം. കൃഷി ഓഫീസുകള്‍ക്ക് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് കർഷകർ പ്രതിഷേധിക്കുന്നത്.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വിശാല കുട്ടനാട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. കുട്ടനാട്ടില്‍ മാത്രം 109 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
നെടുമുടി കൃഷി ഭവന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ കര്‍ഷകരെ തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. കര്‍ഷകര്‍ പിന്മാറാന് തയ്യാറാകാതെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പൊലീസ് ഇടപെട്ട് സിപിഎം പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. ചിങ്ങം ഒന്നിന് സര്‍ക്കാരിനെതിരെ പ്രതിഷേധം പാടില്ലെന്നാണ് സിപിഎം പറയുന്നത്.