‘മുഖ്യമന്ത്രിയാകാൻ യോഗ്യൻ ‘; രമേശ് ചെന്നിത്തലയെ പുകഴ്ത്തി വെള്ളാപ്പള്ളി
കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രമേശ് ചെന്നിത്തല പക്വതയും ഇരുത്തവും വന്ന നേതാവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്ഗ്രസ് അധികാരത്തിലെത്തിയാല് മുഖ്യമന്ത്രിയാകാന് ഏറ്റവും യോഗ്യതയുള്ള നേതാവ് രമേശ് ചെന്നിത്തലയാണ്. ചെന്നിത്തല സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻഎസ്എസുമായി രമേശ് ചെന്നിത്തലയുടെ ബന്ധം വഷളായിരുന്ന കാലത്തെയും വെള്ളാപ്പള്ളി നടേശൻ പരോക്ഷാമായി സൂചിപ്പിച്ചു. ‘പതിനൊന്ന് വർഷമായി ചങ്ങനാശ്ശേരിയിൽ നിന്നും മാറ്റി നിർത്തിയതായി പറയപ്പെടുന്നു. അതിപ്പോഴാണ് പുറത്ത് വന്നത്. ചെന്നിത്തല അക്കാര്യം പുറത്ത് പറഞ്ഞില്ല. ക്ഷമയോടെ കാത്തിരുന്നു. വി ഡി സതീശനായിരുന്നെങ്കിൽ അത് പറഞ്ഞുകൊണ്ട് നടന്നേനെ എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. വി ഡി സതീശന് അഹങ്കാരിയായ നേതാവാണ്, സതീശന് പക്വതയും മാന്യതയുമില്ല, സതീശന് പ്രതിപക്ഷ നേതാവായതോടെ പാര്ട്ടിയില് ഗ്രൂപ്പുകള് കൂടി. കോണ്ഗ്രസില് ഇപ്പോള് എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കെപിസിസി അധ്യക്ഷന് കെ സുധാകരനെ അടക്കം എതിര്ത്ത് സതീശന് സര്വജ്ഞന് ആകാന് ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.