ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ
മയക്കുമരുന്ന ശൃംഖലയിലെ കണ്ണികളെന്ന് സംശയം
എം.ഡി.എം.എ. ലഹരിമരുന്നിന്റെ വില്പനക്കാരെന്ന് സംശയിക്കുന്ന യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റുചെയ്തു. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള ലോഡ്ജില്‍നിന്നുമാണ് ഇവരെ അറസ്റ്റ്ചെയ്തത്. വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന 154 ഗ്രാം ലഹരി മരുന്നാണ് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഒന്‍പതു മൊബൈല്‍ ഫോണും രണ്ട് ആഡംബരകാറും ഒരു ബൈക്കും പെന്‍ഡ്രൈവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ലൈംഗിക ഉത്തേജനമരുന്ന്, കഞ്ചാവ് പൊതി, കുരുമുളക് സ്പ്രേ തുടങ്ങിയവയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്ന്നായിരുന്നു പരിശോധന.
വെള്ളിയാഴ്ച രാവിലെയാണ് ഷാഹിനയും രാഹുലും ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് വിധുവും കൂട്ടരും ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു.
ലഹരിമരുന്ന് വലിയ തുകയ്ക്കാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. വില കണക്കാക്കുമ്പോള്‍ ഏതാണ്ട് ഒന്നരക്കോടിയോളം രൂപ വിലവരും. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ.വിദ്യാധരന് നേതൃത്വം നല്കി.
Content Highlights – Five people were arrested with drugs Suspected links in the drug chain