തൃപ്പൂണിത്തുറ അപകടത്തില്‍ കൂട്ട നടപടി; നാല് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തൃപ്പൂണിത്തുറയില്‍ പണി തീരാത്ത പാലത്തില്‍ ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എക്സിക്യട്ടീവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി.എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.
സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. മാസങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന പാലത്തിനും റോഡിനുമിടയില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ബൈക്കിലെത്തിയ യുവാക്കള്‍ പാലത്തില്‍ ഇടിച്ച ശേഷം ഈ കുഴിയിലേക്കാണ് വീണത്. അപകടത്തില്‍ ഏരൂര്‍ സ്വദേശി വിഷ്ണു മരിച്ചു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന ആദര്‍ശിന് പരിക്കേറ്റു.
തൃപ്പൂണിത്തുറ മാര്‍ക്കറ്റ്-പുതിയകാവ് റോഡില്‍ അന്ധകാരത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലമാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കരാറുകാരനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തെറ്റു ചെയ്തവരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു.
Content Highlight: Thrippunithura, Accident, PWD, Suspension, Minister