ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു
ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് തൊട്ടു മുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിൽ വാങ്ങും. 13 ദിവസത്തേക്ക് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് സംഘം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ കസ്റ്റഡിയിൽ എത്ര ദിവസം പോറ്റിയെ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനമാകൂ.അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ നടക്കുന്നത്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ് എസ് ഐ റ്റിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് വിറ്റതെന്നായിരുന്നു ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ മൊഴി നൽകിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് ഐ റ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് മൊഴി നൽകിയത്. ശബരിമലയിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് താൻ അടക്കമുള്ള ആളുകളുടെ കൈയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്.













