കണ്ണൂര്‍ വിസി ക്രിമിനല്‍! കണ്ണൂരില്‍ വെച്ച് തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഗവര്‍ണര്‍
ഗവര്‍ണറും സര്‍ക്കാരുമായുള്ള പോരിനിടെ പുതിയ ആരോപണങ്ങള്‍. കണ്ണൂര്‍ വിസി ക്രിമിനലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. കണ്ണൂരില്‍ വെച്ച് തനിക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നുവെന്നും വി സി ഡോ.ഗോപിനാഥ് രവീന്ദ്രന് ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് പുതിയ ആരോപണം. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഗവര്‍ണര്‍ ആരോപണം നടത്തിയത്. 2019 ഡിസംബറില്‍ തനിക്കു നേരെ നടന്ന ആക്രമണത്തില്‍ തന്റെ എ.ഡി.സി. ആയിരുന്ന മനോജ് യാദവിന്റെ വസ്ത്രം കീറിയിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു തവണയാണ് തനിക്കെതിരെ ഇത്തരത്തില്‍ ആക്രമണം നടന്നത്. തന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ച വിസിയുടെ ജോലി എന്തായിരുന്നു ? അദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ആള് ഒന്നുമല്ലായിരുന്നല്ലോ? സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതല്ലേ? രാജ്ഭവനില്‍ നിന്ന് ചോദിച്ച റിപ്പോര്‍ട്ട് അവഗണിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വിസി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ നിയമനങ്ങള്‍ ഇവിടെ അനധികൃതമായി നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.
വിസി എല്ലാ പരിധിയും ലംഘിച്ചു. അദ്ദേഹം ഒരു വി.സിയെ പോലെയല്ല പാര്‍ട്ടി കേഡറെപ്പോലെയാണ് പെരുമാറുന്നത്. വിസിയെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഏതെങ്കിലും വൈസ് ചാന്‍സലര്‍ക്കെതിരെ സാധാരണ പൊതുവേദിയില്‍ സംസാരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ അതിന് നിര്‍ബന്ധിതനാക്കിയിരിക്കുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.