തോട്ടിൽ വലയെറിഞ്ഞപ്പോൾ കുരുങ്ങിയത് ഉഗ്രൻ ഗ്രനേഡ്; പാടത്തിട്ട് പൊട്ടിച്ച് നിർവ്വീര്യമാക്കി പൊലീസ്
തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനായി വലയെറിഞ്ഞയാൾക്ക് കിട്ടിയത് ഉഗ്രസ്ഫോടകശേഷിയുള്ള ഗ്രനേഡ്. മാവേലിക്കരയ്ക്കടുത്തുള്ള തെക്കേക്കര വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിന് സമീപമുള്ള തൊടിയൂർ ആറാട്ടുകടാവ് തോട്ടിൽ മീൻപിടിക്കാനെത്തിയ പല്ലാരിമംഗലം സ്വദേശിയായ രാജൻ്റെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ അധികൃതർ സമീപത്തുള്ള പാടത്തിട്ട് ഗ്രനേഡ് പൊട്ടിച്ച് നിർവ്വീര്യമാക്കുകയായിരുന്നു.
ടി എ കനാലിൽ വലവീശിയ രാജൻ്റെ വലയിൽ കട്ടിയുള്ള ഇരുമ്പുവസ്തു കുടുങ്ങുകയായിരുന്നു. അതിൻ്റെ രൂപം കണ്ട് സംശയം തോന്നിയ രാജൻ തൻ്റെ സൈനികരായ സുഹൃത്തുക്കളെ വിവരമറിയിച്ചു. അവരിൽ ചിലരെത്തി പരിശോധിച്ചപ്പോൾ അത് നിർവ്വീര്യമാക്കാത്ത ഗ്രനേഡ് ആണെന്ന് മനസിലാകുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എ നിസാമിൻ്റെ നേതൃത്വത്തിലുള്ള സംഘം ഗ്രനേഡ് സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു.
തുടർന്ന് ഗ്രനേഡ് പരിശോധിക്കുന്നതിനും നിർവ്വീര്യമാക്കുന്നതിനുമായി എറണാകുളത്തു നിന്നും ബോംബ് സ്ക്വാഡെത്തി. സംസ്ഥാന ബോബ് സ്ക്വാഡ് സ്പെഷൽ ബ്രാഞ്ച് എസ്ഐ എസ് ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കണ്ടെത്തിയ ഗ്രനേഡിന്റെ പുറം ഭാഗം പൂർണമായി തുരുമ്പെടുത്തതും ട്രിഗർ ചെയ്യുന്ന പിൻ പ്ലാസ്റ്റിക് ഉപയോഗിച്ചു കെട്ടിയ നിലയിലുമായിരുന്നു.പൊലീസ് സ്റ്റേഷൻ പരിസരത്തെ മൈതാനത്ത് വെച്ച് ഗ്രനേഡ് നിർവീര്യമാക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും സുരക്ഷ പരിഗണിച്ച് അത് ഒഴിവാക്കി. പിന്നീട്, ചുനക്കര കോമല്ലൂർ ആശാരിമുക്കിനു സമീപമുള്ള പാടശേഖരത്തിൽ വെച്ച് ബോംബ് നിർവ്വീര്യമാക്കാൻ തീരുമാനമായി. പാടത്ത് കുഴിയെടുത്ത് ചുറ്റും മണൽ ചാക്ക് അടുക്കി അതിനുള്ളിൽ ഗ്രനേഡ് വെച്ച് പൊട്ടിക്കുകയായിരുന്നു. ബാറ്റട്ടി ഘടിപ്പിച്ച ശേഷം 200 മീറ്റർ അകലെ നിന്നാണ് ഗ്രനേഡ് പൊട്ടിച്ചത്. ആദ്യം ഒരു പരീക്ഷണ ഗ്രനേഡ് പൊട്ടിച്ച് നോക്കിയ ശേഷമായിരുന്നു കണ്ടെത്തിയ ഗ്രനേഡ് നിർവ്വീര്യമാക്കിയത്. വൈകിട്ട് അഞ്ചേകാലിന് നടത്തിയ നിർവീര്യമാക്കൽ പ്രക്രിയയിൽ തോട്ടിൽ നിന്നും കണ്ടെടുത്ത ഗ്രനേഡ് ഉഗ്രശബ്ദത്തോടെയാണ് പൊട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു.
സംസ്ഥാന ബോംബ് സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജോസ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, വിവേക്, ജില്ലാ ബോംബ് സ്ക്വാഡ് അംഗങ്ങളായ ജോഷി, അനുരാജ്, രാജ്മോഹൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണു ഗ്രനേഡ് നിർവീര്യമാക്കിയത്. എസ്ഐമാരായ സുനുമോൻ, സതീഷ് കുമാർ, ടി.ആർ.ഗോപാലകൃഷ്ണൻ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
9 മീറ്റർ ചുറ്റളവിൽ പൂർണ നാശമുണ്ടാക്കാനും 228.6 മീറ്റർ ചുറ്റളവിൽ പ്രഹരശേഷിയുമുള്ളതുമാണു ഈ ഗ്രനേഡെന്നു ബോംബ് സ്ക്വാഡ് വ്യക്തമാക്കി. ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചെങ്കിലും കാലപ്പഴക്കമേറിയതിനാൽ നിർമാണം സംബന്ധിച്ച സൂചനകൾ ലഭിച്ചില്ലെന്നു ബോംബ് സ്ക്വാഡ് സ്പെഷൽ ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം ലഭിച്ച ഗ്രനേഡിന് 5 വർഷത്തിനു മേൽ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ. ജോസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തും. ഗ്രനേഡ് എത്തിയതിന്റെ ഉറവിടം അന്വേഷിക്കുമെന്നും സേനാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആരെങ്കിലും കൊണ്ടുവന്നതാണോ എന്ന സാധ്യതയും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight: Fisherman gets military-grade active Granade trapped in net in Mavelikkara