രാഹുൽഗാന്ധി സുരേഷ്ഗോപിയെയും കുടുക്കിലാക്കിയോ??? തൃശൂരിൽ വ്യാപകമായി വോട്ടുകൾ പുറത്ത് നിന്ന് ചേർത്തതായി തെളിവുകൾ നിരത്തി ഡിസിസി പ്രസിഡൻറ്

തെരഞ്ഞെടുപ്പിന് മാത്രമായി സുരേഷ് ഗോപി ഭാര്യയുടേയും മക്കളുടേയും കുടുംബാഗങ്ങളുടേയും വോട്ടുകള്‍ തൃശ്ശൂരില്‍ ചേര്‍ത്തുവെന്നും തെരഞ്ഞെടുപ്പിന് ശേഷം ആ വീടു വിട്ടുവെന്നുമാണ് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജെറ്റിന്റെ ആരോപണം. ഇതുവരെ മണ്ഡലത്തില്‍ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടര്‍മാരെ ചേര്‍ത്ത് ബി.ജെ.പി വലിയ തോതിൽ കൃത്രിമം നടത്തി എന്നും കോണ്‍ഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നു.
സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേര്‍ത്തതെന്ന് ജോസഫ് ടാജെറ്റ് ആരോപണത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച ഒരു കമ്പനിക്ക് കൊടുത്തെന്നും തൃശൂര്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു.
‘ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ 1016 മുതല്‍ 1026 വരെയുള്ള 11 വോട്ടുകളാണ് സുരേഷ് ഗോപി ചേര്‍ത്തത്. ഈ വീട്ടില്‍ ഇപ്പോഴും വോട്ടുണ്ട്. എന്നാല്‍ താമസക്കാര്‍ ഇവരല്ല. ഒരു തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ്ഗോപിയും അദ്ദേഹത്തിന്റെ സഹോദരന്റെ കുടുംബവും തൃശ്ശൂരില്‍ വന്ന് വോട്ട് ചേര്‍ത്തു. അത് കഴിഞ്ഞ് അവിടെനിന്ന് മാറിപ്പോവുകയും ചെയ്തു’ എന്നാണ് ജോസഫ് ടാജെറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി നിന്നിരുന്ന ചില വോട്ടര്‍മാര്‍ പലരും അവിടുത്തുകാരല്ല, പുറത്തുള്ള ആളുകളാണ് എന്നാണ് ഇപ്പോള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആറുമാസമെങ്കിലും മണ്ഡലത്തില്‍ സ്ഥിരതാമസമുണ്ടാവണം. എന്നാല്‍, അതല്ല ഇവിടെ നടന്നിരിക്കുന്നതെന്നും ഡി.സി.സി അധ്യക്ഷന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
ജോസഫ് ടാജറ്റിന്റെ ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന പ്രതികരണവുമായി നെട്ടിശ്ശേരിയിലെ അയല്‍വാസികളും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. തൃശ്ശൂരില്‍ വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങിപ്പോയെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നെട്ടിശ്ശേരിയിലെ വീട്ടില്‍ സുരേഷ് ഗോപിയോ ബന്ധുക്കളോ ഇപ്പോള്‍ താമസമില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് നാള് ആ വീട്ടില്‍ ആളുണ്ടായിരുന്നു. പിന്നീട് അവരെല്ലാം പോയി. ഇപ്പോള്‍ വേറെ ആളുകളാണ് താമസിക്കുന്നത്- എന്നാണ് അയല്‍വാസിയായ ദാസന് പറയുന്നത്.
ഇതേപോലെ തന്നെ, തൃശ്ശൂരിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് തങ്ങളും പരാതി നല്‍കിയിരുന്നു എന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍ കുമാറും പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇലക്ഷന് കമ്മിഷന് സൈറ്റില്‍നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അപ്രത്യക്ഷമായെന്നും ആരോപണമുണ്ട്. സൈറ്റ് ബ്ലോക്ക് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നതായും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്ന് ഒരുപാട് ആളുകളെ ബി.ജെ.പി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുവെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇപ്പോൾ രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലോടെയാണ് തൃശ്ശൂരിലെ വോട്ടര്‍പട്ടിക സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്.
സുരേഷ്ഗോപിയുടെ വിജയം ഉറപ്പിക്കാൻ, തൃശ്ശൂർ പാർലമെൻറ് മണ്ഡലത്തിന് പുറത്തുള്ള ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തു എന്നത് വസ്തുതയാണ്. ഒരു ബൂത്തിൽ 25 മുതൽ 45 വരെ വോട്ടുകൾ ഇങ്ങനെ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ടാജറ്റ് ആരോപിക്കുന്നു.