പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; നടപടി ജോസഫ് സ്കറിയയുടെ ഹര്‍ജിയില്‍
പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമന നടപടികള്‍ക്ക് ഓഗസ്റ്റ് 31 വരെ ഇടക്കാല സ്റ്റേയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 31ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേസില്‍ യുജിസിയെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ഈ മാസം 31ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ യുജിസി ഇത് സംബന്ധിച്ചുള്ള വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കണം. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള യോഗ്യത പ്രിയയ്ക്കുണ്ടോ എന്ന കാര്യത്തിലാണ് വിശദീകരണം നല്‍കേണ്ടത്.
യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാല മുന്നോട്ടുപോകുന്നതെന്നാണ് ഹര്‍ജിയില്‍ ജോസഫ് സ്കറിയ ആരോപിക്കുന്നത്. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.