‘ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്’; വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതിയൊരുക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാന്‍ ‘ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിക്ക് തുടക്കമിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാംപെയ്നിന്റെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവടങ്ങളിലെ പ്രധാന സ്ഥലങ്ങളിലാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് നടത്താന്‍ തിരഞ്ഞെടുത്തത്. കാസര്‍കോട് ജില്ലയിലെ തളങ്കര ഹാര്‍ബര്‍ മലബാര്‍ വാട്ടര്‍ സ്പോര്‍ട്സ് സ്ട്രീറ്റ് ഫുഡിലാണ് പദ്ധതി ആദ്യമായി നടത്തിയത്. ഫൈനല്‍ ഓഡിറ്റ് നടത്തി സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. തട്ടുകടകള്‍ ചെറിയ ഭക്ഷണശാലകള്‍, എന്നിവയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധിതിയുടെ പരിധിയില്‍ വരുന്നത്. 20 മുതല്‍ 50 വരെയുള്ള ചെറുകടകളുള്ള സ്ഥലങ്ങള്‍ കണക്കാക്കി ക്ലസ്റ്ററുകളായി തിരിക്കും. ഇവിടങ്ങളില്‍ വൃത്തിയും ശുചിത്വമുള്ള ഭക്ഷണം ഉറപ്പാക്കുകയും പാചകകാര്‍ക്ക് മതിയായ പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കും.
കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് പ്രദേശങ്ങളിലാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ക്ലസ്റ്റര്‍ തിരിച്ച് പ്രീ ഓഡിറ്റ് നടത്തും. കൂടാതെ നിലവിലെ കടകളിലെ സൗകര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കടകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനം നല്‍കും. എഫ്എസ്എഐയുടെ നേതൃത്വത്തിലാണ് ഫൈനല്‍ ഓഡിറ്റ് നടക്കുക. ഇതിനു ശേഷമായിരിക്കും സര്‍ട്ടിഫിക്കേറ്റ് നല്‍കുക.
Content Highlights – Kerala Government, Launched the ‘Clean Street Food Hub’ project, Veena George