സംസ്ഥാനത്ത് ജൂലൈ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ജൂലൈ 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുകയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുകയും ചെയ്യും. നാലാം തിയതിവരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരളത്തില്‍ ശനിയാഴ്ച്ച 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ തുടങ്ങി അഞ്ചാം തിയതിവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളതീരത്ത് ഞായറാഴ്ച്ച രാത്രിവരെ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Content Highlight: Kerala Weather Forecast, Rain Alert, Yellow Alert