പണമില്ലെങ്കില്‍ ആസ്തി പണയം വെച്ച് നല്‍കൂ; ശമ്പളം നല്‍കാത്തതില്‍ കെഎസ്ആര്‍ടിസിയെ അമര്‍ഷം അറിയിച്ച് ഹൈക്കോടതി
ശമ്പളം നല്കാന് പണമില്ലെങ്കില്‍ ആസ്തി പണയപ്പെടുത്തി നല്‍കൂവെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് മാനേജ്മെന്റിനോട് പറഞ്ഞു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആര് ടി.സി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി അമര്‍ഷം അറിയിച്ചത്. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.
പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ഗതാഗത-തൊഴില്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകളുമായി സമവായത്തിലെത്താനായില്ല. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. 8 മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമയം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല.
ജൂലൈ മാസത്തെ ശമ്പളം നല്‍കാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആര് ടി സി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ശമ്പളം ഈ മാസം പത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇല്ലെങ്കില്‍ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights – High Court expressed anger over non-payment of salary Of KSRTC Employees