ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന് പ്രഖ്യാപിക്കും
പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര് ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലം അറിയാന്‍ സാധിക്കും.
വെബ്സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയില്‍ ഫലം ലഭിക്കും. 4,32,436 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേര് റെഗുലര്‍ ആയും 20,768 പേര് പ്രൈവറ്റായും പരീക്ഷ എഴുതിയിട്ടുണ്ട്.
ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്ക് കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലംതടസമില്ലാതെ ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക ആപ്പായ പിആര്‍ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് രണ്ടാം വര്‍ഷ ഹൈയര്‍ സെക്കണ്ടറി പരിക്ഷയും മൂല്യനിര്‍ണ്ണയവും പൂര്‍ത്തിയാക്കിയത്. കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നിലനില്‍ക്കെ വിദ്യാര്‍ഥികള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച് നല്‍കിയിരുന്നു എങ്കിലും ഫോക്കസ് ഏരിയാക്ക് പുറത്തു നിന്നും ചോദ്യങ്ങള്‍ ഉണ്ടാവുമെന്ന അവസാന നിമിഷത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വിദ്യാര്‍ഥികളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. പരീക്ഷകള്‍ പൊതുവെ എളുപ്പമായിരുന്നുവെങ്കിലും കെമിസ്ട്രി പരീക്ഷ കടുപ്പമായിരുന്നുവെന്ന അഭിപ്രായമാണ് വിദ്യാര്‍ഥികള്‍ പങ്കുവച്ചത്. . കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ അധ്യാപകരും പ്രതിഷേധമുയര്‍ത്തിയതോടെ പുതിയ ഉത്തര സൂചിക പുറത്തിറക്കിയാണ് വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങളെ മറികടന്നത്. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ്ടു ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ വേഗത്തിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Content Highlights – Higher secondary results, V Sivankutty, Kerala Government