ദേശീയപാതയിലെ അപകടം; കരാര്‍ കമ്പനിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ്
ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെതെരിയാണ് പൊലീസ് കേസെടുത്തത്.
ദേശീയപാതയിലെ റോഡിന്റെ അറ്റകുറ്റപ്പണിയില്‍ വീഴ്ച്ച വരുത്തിയത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ദേശീയ പാതയില്‍ കഴിഞ്ഞ 18 വര്‍ഷമായി കരാര്‍ അനുസരിച്ച് റോഡിന്റെ പണികള്‍ ചെയ്തു വരുന്നത് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ്. കൂടാതെ ദേശീയ പാതയിലെ അറ്റകുറ്റപണികളും ഇവരാണ് ചെയ്തു വരുന്നത്.
വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന് മുന്പിലെ കുഴിയിലാണ് ഹാഷിം വീണത്. ദേശീയപാതയിലെ ഭീമന്‍കുഴിയില്‍ വീണ സ്കൂട്ടറില്‍ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.
Content Highlights – Highway accident, Involuntary manslaughter case against contract company